കുവൈത്തിലേക്കുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് നിർത്തിവെച്ച് ഫിലിപ്പൈൻസ് സർക്കാർ
Sunday, January 21, 2018 3:15 PM IST
കുവൈത്ത് സിറ്റി : കുവൈത്തിലേക്കുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് താൽക്കാലികമായി നിർത്തിവെച്ചതായി ഫിലിപ്പൈൻസ് സർക്കാർ അറിയിച്ചു. തൊഴിലിടത്തിൽ പീഡനം മൂലം ഫിലിപ്പിനോ തൊഴിലാളികൾ ദുരൂഹമായി ജീവനൊടുക്കിയതിനെ തുടർന്നാണു വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യക്കാർ കഴിഞ്ഞാൽ ഗാർഹിക മേഖലയിലെ ഭൂരിഭാഗം തൊഴിലാളികളും ഫിലിപ്പെൻസ് സ്വദേശികളാണ്. ഏകദേശം രണ്ട് ലക്ഷത്തോളം ഫിലിപ്പൈനുകാർ കുവൈത്തിൽ ജോലി ചെയ്യുന്നതായാണ് കണക്കാപ്പെടുന്നത്. അതിനിടെ തൊഴിലാളികൾക്കെതിരെയുള്ള പീഡനത്തിനെതിരെ ഫിലിപ്പൈൻസ് പ്രസിഡന്‍റ് റോഡ്രിഗോ ഡുതെർത് ശക്തമായി രംഗത്ത് വന്നു. രാജ്യത്ത് ജോലി ചെയുവാൻ വരുന്ന ഫിലിപ്പൈൻസുകാർക്ക് ഭയം കൂടാതെ തങ്ങളുടെ ജോലി ചെയ്യുവാനുള്ള സാഹചര്യം ഒരുക്കുവാൻ കുവൈത്ത് സർക്കാരിനോട് അഭ്യർഥിച്ചു.

അതേസമയം ഫിലിപ്പൈൻസ് അധികൃതരുടെ പ്രസ്താവനയിൽ അതിശയം പ്രകടിപ്പിച്ച കുവൈത്ത് വിദേശ കാര്യ മന്ത്രി ഖാലിദ് അൽ ജാറല്ല, വിഷയത്തിൽ ശക്തമായ അന്വേഷണം നടന്നുവരുന്നതായി അറിയിച്ചു. രാജ്യത്ത് തൊഴിൽ ചെയ്യുവാൻ വരുന്നവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സുരക്ഷിതത്വവും കാത്തു സൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധ പുലർത്തിയിരുന്ന രാജ്യമാണ് കുവൈത്ത്. അതുകൊണ്ടുതന്നെയാണ് വിവധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികൾ സന്തോഷത്തോടെ രാജ്യത്ത് ജോലി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ