അബുദാബിയിൽ ജോണ്‍സണ്‍ മാസ്റ്റർ സംഗീതസന്ധ്യ "ശ്യാമാംബരം’ 24 ന്
Saturday, March 24, 2018 7:31 PM IST
അബുദാബി: മാതൃദിനാഘോഷത്തോടനുബന്ധിച്ചു മലയാളി വനിതാ സംഘടനകളായ മലയാളി മംസും കേരളൈറ്റ്സ് വിമൻസ് ഇൻ അബുദാബിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീതസന്ധ്യ "ശ്യാമാംബരം" മാർച്ച് 24ന് (ശനി) വൈകുന്നേരം ഏഴു മുതൽ അബുദാബി ഐഎസ് സിയിൽ നടക്കും.

അന്തരിച്ച സംഗീത സംവിധായകൻ ജോണ്‍സണ്‍ മാസ്റ്ററിന്‍റെ ഗാനങ്ങൾ കോർത്തിണക്കി തയാറാക്കിയിരിക്കുന്ന പരിപാടിയിൽ പ്രമുഖ പിന്നണി ഗായകരായ ബിജു നാരായണൻ, സുദീപ് കുമാർ, റോഷ്നി എന്നിവർ ഗാനങ്ങൾ ആലപിക്കും. ചടങ്ങിൽ ജോണ്‍സന്‍റെ പത്നി റാണി ജോണ്‍സനെ ആദരിക്കും. പ്രവേശനം സൗജന്യമാണ്

വിവിധ ബോധവത്കരണ പരിപാടികൾ, വനിതകൾക്കു തൊഴിൽ കണ്ടെത്താൻ സഹായിക്കൽ, സ്വയം പ്രതിരോധ പരിശീലനം, സ്തനാർബുദം ഉൾപ്പെടെയുള്ള രോഗ ബോധവത്കരണം, സാന്പത്തിക ഉന്നമനം ലക്ഷ്യമാക്കിയുള്ള പരിപാടികൾ എന്നിവയെല്ലാമാണു സംഘടനകൾ നടത്തിവരുന്നത്.

വാർത്താ സമ്മേളനത്തിൽ ശ്യാമാംബരം ഇവന്‍റ് ഡയറക്ടർ ജോണിയ മാത്യു, കോഓർഡിനേറ്റർ ഡെൽഫിൻ ജോർജ്, മലയാളി മംസ് പ്രതിനിധികളായ മഞ്ജു പ്രദീപ്, നീതി പ്രജിത്, ഷംന സാന്‍റോ, കേരളൈറ്റ്സ് വിമൻസ് പ്രതിനിധികളായ അർഷിൻ താജുദ്ദീൻ, പ്രീത ക്രിസ്റ്റി, ജസീല സമീർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള