ജിദ്ദയിൽ ജഐസ് സി ഐഎസ്എം അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്‍റ് ആവേശകരമായ പരിസമാപ്തിയിലേക്ക്
Saturday, April 14, 2018 8:52 PM IST
ജിദ്ദ: അൽ റൗദ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്നു വരുന്ന അഞ്ചാമത് ജെ. എസ്സി ഐഎസ്എം അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്‍റ് ഫുട്ബോൾ ആസ്വാദകരുടെയും പരിശീലകരുടെയും മനം കവർന്നുകൊണ്ടു ആവേശകരമായ പരിസമാപ്തിയിലേക്കു കടക്കുന്നു. ആദ്യ റൗണ്ട് മത്സരങ്ങൾ വരുന്ന ആഴ്ചയോടു കൂടി സമാപിക്കും.

ആഫ്രിക്കൻ ഫുട്ബോളിന്‍റെ വന്യമായ വശ്യതയും അറേബ്യൻ ഫുട്ബോൾ കരുത്തും യൂറോപ്യൻ ഫുട്ബോളിന്‍റെ ശാസ്ത്രീയതയും ഏഷ്യൻ ഫുട്ബോളിന്‍റെ ആവേശവും ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ

മാസ്മരികതയും വിവിധ അക്കാദമികളും സ്കൂളുകളും പുറത്തെടുക്കുന്പോൾ കാണികൾക്കു മറക്കാനാകാത്ത ഫുട്ബോൾ വിരുന്നാണ് കാഴ്ചവയ്ക്കുന്നത്.

വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ (18 വയസിനുതാഴെയുള്ള മത്സരത്തിൽ) ജിദ്ദ ഇലവൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഗിയുന്നെനി ആഫ്രിക്കൻ സ്കൂളിനോട് പരാജയപ്പെട്ടു. മറ്റൊരു മത്സരത്തിൽ (15 വയസിനു താഴെയുള്ള മത്സരത്തിൽ) ജഐസ്സി ഐഎസ്എം അക്കാദമി ഏകപക്ഷീയമായ 3 ഗോളിന് അൽ വറൂദ് ഇന്‍റർനാഷണൽ സ്കൂളിനെ പരാജയപ്പെടുത്തി.

മൂന്നാം മത്സരത്തിൽ എറിത്രിയൻ ഇന്‍റർനാഷണൽ സ്കൂളും ആർക് ഡി ട്രോംഫോ ഫ്രഞ്ച് സ്കൂളും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞു.

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ (18 വയസിനു താഴെ പ്രായമുള്ളവരുടെ മത്സരത്തിൽ) ടാലന്‍റ് അക്കാദമി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സ്പാനിഷ് അക്കാദമിയെ പരാജയപ്പെടുത്തി. 15 വയസിനു താഴെയുള്ളവരുടെ മത്സരത്തിൽ ചില മിലാനോ ഇറ്റാലിയൻ അക്കാദമി ഗോൾഡൻ ബോയ്സ് ബ്രസീലിയൻ അക്കാദമിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.

18 വയസിനു താഴെയുള്ളവരുടെ മത്സരത്തിൽ ജഐസ്സി ഐഎസ്എം അക്കാദമി എതിരില്ലാത്ത 9 ഗോളുകൾക്ക് അൽ വറൂദ് ഇന്‍റർനാഷണൽ സ്കൂളിനെ പരാജയപ്പെടുത്തി.

തൗഫീഖ് (സബീൻ എഫ് സി പ്ലയെർ), സമാൻ (സബീൻ എഫ്സി പ്ലയെർ), മുഹമ്മദ് ഹമ്മദ് റിഹാലി (സ്പോർട് ഗോർനാഥാ ഏരിയ മാനേജർ ),കബീർ കൊണ്ടോട്ടി (മീഡിയ ഫോറം) സലിം കാളികാവ് (സിഫു സെക്രെട്ടറി ),നിസാം മന്പാട് (സിഫ് വൈസ് പ്രസിഡന്‍റ് ),പോൾസണ്‍ (സൗദി ഗസറ്റ് ) തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചു അവാർഡുകൾ വിതരണം ചെയ്തു.

ഡോ. നസീർ, ജാഫർ അഹമ്മദ് തുടങ്ങിയവർ ഭാഗ്യ നറുക്കെടുപ്പിൽ വിജയികളായി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ