നാലു പതിറ്റാണ്ടിനുശേഷം വീണ്ടും സിനിമ പ്രദർശനത്തിനു സൗദിയിൽ തുടക്കമായി
Thursday, April 19, 2018 11:03 PM IST
റിയാദ്: നാലു പതിറ്റാണ്ടിനുശേഷം വീണ്ടും സിനിമ പ്രദർശനത്തിനു സൗദി സാക്ഷ്യം വഹിച്ചു. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിൽ തുറന്ന ലോകോത്തര നിലവാരത്തിലുള്ള പ്രത്യേക തീയറ്ററിലാണ് ആദ്യ സിനിമ പ്രദർശനം നടന്നത്. ആദ്യ പ്രദർശനം ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരുന്നു. സിനിമാ പ്രദർശനം സൗദി സംസ്കാരിക വാർത്താ വിനിമയ മന്ത്രി ഡോ. അവാദ് അൽ അവാദ് ഉദ്ഘാടനം ചെയ്തു.

ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തർ ആയിരുന്നു ഉദ്ഘാടന ചിത്രം. രാജ്യത്തെ സംസ്കാരിക രംഗത്തെ പ്രമുഖർക്കും വിവിധ രാജ്യങ്ങളുടെ എംബസി -കോണ്‍സിലേറ്റ് ഉദ്യോഗസ്ഥർക്കും ക്ഷണിക്കപ്പെട്ട മറ്റു അതിഥികൾക്കും മാത്രാമായിരുന്നു ആദ്യ പ്രദർശനം.

എന്നാൽ ഒരാഴ്ചത്തെ പരിശീലന പ്രദർശനങ്ങൾക്ക് ശേഷം മാത്രമേ പൊതു ജനങ്ങൾക്ക് സിനിമ കാണാൻ അവസരമൊരുക്കു. സിനിമ കാണുന്നതിന് വ്യക്തികൾക്കും കുടുംബങ്ങൾക്കും ഓണ്‍ ലൈൻ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ നിശ്ചിത സ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് വിൽപന നടത്തും. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം