ചില്ല സര്‍ഗവേദി പ്രതിഷേധം സംഘടിപ്പിച്ചു
Sunday, April 22, 2018 3:15 PM IST
റിയാദ്: കാഷ്മീരിലെ കഠുവയില്‍ നടന്ന രാജ്യത്തെ നടുക്കിയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചില്ല സര്‍ഗവേദിയുടെ ഏപ്രില്‍ വായന. കഠുവയിലെ സംഭവുമായി ബന്ധപ്പെട്ട് കെ.സച്ചിദാനന്ദന്‍ എഴുതിയ 'ബാബായ്ക്ക് ഒരു കത്ത്' എന്ന കവിതയിലൂടെ പരിപാടി ആരംഭിച്ചു.

ലോക മസാക്ഷിയുടെ മായ്ക്കാന്‍ കഴിയാത്ത വ്രണമായ ഹോളോകാസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഐറിഷ് എഴുത്തുകാരന്‍ ജോണ്‍ ബോയന്‍ രചിച്ച 'ദി ബോയ് ഇന്‍ സ്ട്രിപ്പ്ഡ് പൈജാമ' എന്ന നോവലിന്റെ വായനാനുഭവം ഫാത്തിമ സഹ്‌റ നടത്തി.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ അംബേദ്കറുടെ തെരഞ്ഞെടുത്ത കൃതികളുടെ വായന ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ നടത്തി. ജാതി സംബന്ധിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്ന മാനവ വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് അംബേദ്കര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ പൂരിപ്പിക്കാത്ത സമസ്യകളായി നിലനില്‍ക്കുന്നു എന്നതാണ് ഇന്ത്യ ഇക്കാലത്തും നേരിടുന്ന പ്രശ്‌നങ്ങളെന്ന് ഇഖ്ബാല്‍ പറഞ്ഞു.

നഷ്ടബാല്യത്തെ ഓര്‍ത്തെടുക്കുന്ന മനോഹരമായ രചനയാണ് മാധവിക്കുട്ടിയുടെ 'ബാല്യകാലസ്മരണകള്‍' എന്നു പുസ്തകാവതരണം നടത്തിയ പ്രിയ സന്തോഷ് പറഞ്ഞു.

ആന്റി വയറിന്റെ പ്രശസ്ത സയന്‍സ് ഫിക്ഷന്‍ 'ദ മാര്‍ഷ്യന്‍' എന്ന നോവലിന്റെ ആസ്വാദനം അനസൂയ നടത്തി. 2035ല്‍ ചൊവ്വ ഗ്രഹത്തില്‍ കുടുങ്ങിപോകുന്ന നാസയുടെ ബഹിരാകാശയാത്രികന്റെ കഥ പറയുന്ന നോവല്‍ ഭാവനയുടെ സമാനതകളില്ലാത്ത ലോകമാണ് തുറന്നിടുന്നതെന്ന് അനസൂയ അഭിപ്രായപ്പെട്ടു.

സമകാലിക ഇന്ത്യനവസ്ഥകളുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാര്‍ത്ഥ്യങ്ങളെ വരച്ചിടുന്ന കഥകളുടെ സമാഹാരമാണ് ടി ഡി രാമകൃഷ്ണന്റെ 'സിറാജുന്നിസ' എന്ന് പുസ്തകാവതരണം നടത്തിയ അനിത നസിം പറഞ്ഞു.

സഖാവ് കുഞ്ഞാലിയുടെ സമര ജീവിതം പ്രമേയമാക്കി രചിച്ച 'ഇന്‍ക്വിലാബ്' എന്ന നോവല്‍ കൊമ്പന്‍ മൂസ അവതരിപ്പിച്ചു. ഏറനാടന്‍ സമരപോരാട്ടങ്ങളുടെ ചരിത്രം കൂടിയായ സഖാവ് കുഞ്ഞാലിയുടെ ആത്മകഥാംശമുള്ള നോവല്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹംസ ആലുങ്ങല്‍ ഹൃദ്യമായി ആവിഷ്‌ക്കരിച്ചിരിക്കുന്നുവെന്ന് കൊമ്പന്‍ മൂസ പറഞ്ഞു.

ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ശമീം തളാപ്രത്ത്, ഡാര്‍ലി തോമസ്, ലീന സുരേഷ്, അന്‍സാദ്, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു.