ഇന്ത്യൻ സോഷ്യൽ ക്ലബ് യുവജനോത്സവം 28 നു സമാപിക്കും
Monday, April 23, 2018 10:40 PM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന കലാ സാഹിത്യ മത്സരങ്ങൾ എപ്രിൽ 28 നു സമാപിക്കും. ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലാണ് കലാ മത്സരങ്ങൾ.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, തിരുവാതിര, മാർഗംകളി, സംഘനൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളും ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപിളപ്പാട്ട്, നാടൻപാട്ട്, വടക്കൻ പാട്ട്, സംഘ ഗാനം, കഥാപ്രസംഗം എന്നിവയ്ക്ക് പുറമെ, സിനിമാഗാനവും മത്സര ഇനങ്ങളായുണ്ട്. പ്രസംഗ മത്സരം, കവിതാലാപനം, ലേഖനം, കഥാ രചന, കവിതാ രചന തുടങ്ങിയവ മലയാളത്തിലും ഇംഗ്ലീഷിലും നടക്കും. ഉപകരണ സംഗീത മത്സരത്തിൽ കീ ബോർഡ് മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഏകാഭിനയം, പ്രച്ഛന്ന വേഷം, ചിത്ര രചന എന്നീ ഇനങ്ങളിലും മത്സരങ്ങൾ നടക്കും. സാഹിത്യ, ചിത്ര രചനാ മത്സരങ്ങൾ പ്രത്യേകമായി നടക്കും. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ഉൾപ്പെടെ ഏറ്റവും കൂടുതൽ പോയിന്‍റ് ലഭിക്കുന്ന സ്കൂളിന് ട്രോഫിയും സമ്മാനിക്കും.

കേരളത്തിൽ നിന്നും പ്രത്യേകമായി എത്തിച്ചേരുന്ന വിധികർത്താക്കളുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ വിലയിരുത്തുന്നത്. മത്സരങ്ങളുടെ സമയക്രമം കേരള വിഭാഗത്തിന്‍റെ www.isckeralawing.org എന്ന വെബ് സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

ആവേശകരമായ മത്സരങ്ങളുടെ ദൃക്സാക്ഷികളാകുവാനും കലാ പ്രതിഭകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനും മുഴുവൻ കലാപ്രേമികളെയും സംഘടാകർ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലേക്ക് സ്വാഗതം ചെയ്തു.

റിപ്പോർട്ട്: സേവ്യർ കാവാലം