പൊതുമാപ്പ് അവസാനിച്ചു; വ്യാപക പരിശോധനയുമായി വിവിധ മന്ത്രാലയങ്ങൾ
Monday, April 23, 2018 10:48 PM IST
കുവൈത്ത് സിറ്റി : അനധികൃത താമസക്കാർക്കായി പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി ഇന്നലെ വൈകിട്ടോടെ അവസാനിച്ചു. വർഷങ്ങളായി വീസയും മറ്റു രേഖകളുമില്ലാതെ കഴിയുന്ന വിദേശികൾക്ക് നിയമവിധേയമായി രാജ്യം വിടുവാനുള്ള സൗകര്യം ജനുവരി 29 നായിരുന്നു ആരംഭിച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്ക് മാത്രം പ്രഖ്യാപിച്ച ആനുകൂല്യം രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

അനൗദ്യോഗിക കണക്കു പ്രകാരം ഒന്നര ലക്ഷത്തോളം പേർ താമസ രേഖകളിലാതെ കുവൈത്തിൽ കഴിയുന്നുണ്ട്. 27,000 ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായി രാജ്യത്തുകഴിഞ്ഞിരുന്നത്. ഇതിൽ ഏകദേശം 15,000 പേർ നാട്ടിലേക്ക് തിരിച്ചുപോവുകയും 5000 പേർ പിഴയടച്ച് താമസരേഖകൾ നിയമവിധേയമാക്കുകയും ചെയ്തു. പാസ്പോർട്ട് കൈവശമില്ലാത്തവർക്കായി 11,000 ഒൗട്ട്പാസുകളാണ് ഇന്ത്യൻ എംബസി വിതരണം ചെയ്തത്

തുടക്കത്തിൽ നിരവധി ആളുകളാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ടു വന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ പ്രവാസി മലയാളി സംഘനകൾ ഹെൽപ് ഡെസ്ക്കുകൾ ഒരുക്കിയും അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്ത് എംബസി ജീവനക്കാരും ഉൗർജസ്വലതയോടെയായിരുന്നു പൊതുമാപ്പിനെ വരെവേറ്റത്.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോയവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്തില്ല.കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും സാന്പത്തിക ബാധ്യതാ കേസുകൾ ഉള്ളവർക്കും മാത്രമാണ് പൊതുമാപ്പ് ഉപയോഗിക്കുവാൻ സാധിക്കാതിരുന്നത്. മൂന്നു മാസം പൊതുമാപ്പ് ലഭിച്ചിട്ടും അവസരം പ്രയോജനപ്പെടുത്താതിരുന്നവരോട് യാതൊരുവിധ അനുകന്പയും കാണിക്കുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളെടെയും നേതൃത്വത്തിൽ വ്യാപകമായ പരിശോധനയാണ് നടക്കുകയെന്നും ഒരു അനധികൃത താമസക്കാരനെ പോലും രാജ്യത്ത് തങ്ങുവാൻ അനുവദിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ