മലയാളം മിഷൻ ഒമാൻ അധ്യാപക പരിശീലന ക്യാന്പ് സംഘടിപ്പിച്ചു
Wednesday, April 25, 2018 1:43 AM IST
മസ്കറ്റ്: മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ മസ്കറ്റിൽ സംഘടിപ്പിച്ച അധ്യാപക പരിശീലന ക്യാന്പ് സമാപിച്ചു. അൽ ഖൂദിലെ മിഡിൽ ഈസ്റ്റ് കോളജിൽ നടന്ന ക്യാന്പിൽ ഒമാന്‍റെ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നായി 48 പേർ പങ്കെടുത്തു.

ഏപ്രിൽ 20 നു രാവിലെ 9.30 നു ആരംഭിച്ച കാന്പിൽ മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചീഫ് കോ ഓർഡിനേറ്റർ വിൽസണ്‍ ജോർജ്, മലയാളം മിഷൻ പരിശീലകരായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ, എം.ടി.ശശി മാസ്റ്റർ എന്നിവരെ സ്വാഗതം ചെയ്തു കൊണ്ട് പഠിതാക്കളായി എത്തിയ അധ്യാപകർക്ക് പരിചയപ്പെടുത്തി. ഒമാനിലെ വിവിധ പഠന കേന്ദ്രങ്ങളെകുറിച്ചും മലയാളം മിഷന്‍റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും ലഘു വിവരണവും നൽകി. നിലവിൽ ഏകദേശം 500 വിദ്യാർഥികൾ വിവിധ പാഠശാലകളിൽ മലയാള ഭാഷാ പരിശീലനത്തിനായി എത്തുന്നുണ്ട്. വിൽസണ്‍ ജോർജ് ചീഫ് കോഓർഡിനേറ്റർ ആയുള്ള 15 അംഗ അഡ്ഹോക് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാ കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ക്യാന്പിൽ എത്തിച്ചേർന്ന അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ പരിശീലർക്കും മലയാളം മിഷൻ അധ്യാപകർക്കും പരിചയപ്പെടുത്തി.

മലയാളം മിഷന്‍റെ പ്രാഥമിക കോഴ്സായ ന്ധകണിക്കൊന്നയെ’ അടിസ്ഥാനമാക്കികൊണ്ടാണ് ഒമാനിലെ അധ്യാപകർക്കുള്ള പാഠ്യ പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. 6 വയസു മുതലുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് കണിക്കൊന്ന രൂപകൽപ്പന ചെയ്തിട്ടുള്ളത്. മലയാള ഭാഷാ പഠനം എങ്ങിനെയാണ് വേണ്ടത്? എന്തിനു വേണ്ടിയാണ്? എന്നു തുടങ്ങി മലയാളം മിഷന്‍റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ട്, അധ്യാപകർ ശ്രദ്ധിക്കേണ്ട പ്രധാന മേഖലകൾ, മലയാളം മിഷന്‍റെ പാഠ പദ്ധതികൾ ഏതൊക്കെയാണെന്നും ഏത് രീതിയിലാണ് വിദ്യാർഥികളിൽ അത് എത്തിക്കേണ്ടതെന്നും പഠിതാക്കൾക്ക് മനസിലാക്കി കൊടുക്കുവാൻ രണ്ടു ദിവസത്തെ ക്യാന്പ് കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് സംഘാടകർ അവകാശപ്പെട്ടു.

പഠന പദ്ധതിയുമായി ബന്ധപ്പെട്ട അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകുവാൻ മലയാളം മിഷൻ പരിശീലകർക്കു സാധിച്ചു. കേവലം ഭാഷ സ്വായത്തമാക്കുക എന്നതിലുപരി, ഒരു സംസ്കാരത്തെ പരിചയപ്പെടുത്തുക എന്ന കടമയാണ് അധ്യാപകർക്ക് ഏറ്റെടുക്കുവാനുള്ളതെന്ന തിരിച്ചറിവിനുള്ള അവസരം കൂടിയായി ക്യാന്പ് മാറി.

സമാപന ദിവസം ചേർന്ന ചടങ്ങിൽ മലയാളം മിഷൻ അധ്യാപകരായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ, എ.ടി. ശശി മാസ്റ്റർ എന്നിവർക്ക് ഒമാൻ ചാപ്റ്ററിന്‍റെ സ്നേഹോപഹാരം ചീഫ് കോ ഓർഡിനേറ്റർ വിൽസൻ ജോർജ് നൽകി. രണ്ടു ദിവസത്തെ ക്യാന്പിനുള്ള സൗകര്യങ്ങൾ നൽകിയ മിഡിൽ ഈസ്റ്റ് കോ ളജ് ഫെസിലിറ്റീസ് മാനേജർ മുഹമ്മദ് സക്കീറിന് മലയാളം മിഷന്‍റെ ഉപഹാരം നൽകി ആദരിച്ചു. മലയാളം മിഷൻ അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ രജിലാൽ കോക്കാടൻ, വിജേഷ, രതീഷ്, അജിത്, സരസൻ മാസ്റ്റർ, ഹാറൂണ്‍ റഷീദ്, മസ്കറ്റ് മേഖലാ കോഓർഡിനേറ്റർ സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു. മലയാളം മിഷൻ മസ്കറ്റ് മേഖലാ കമ്മിറ്റി അംഗം അനീഷ് കടവിൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സേവ്യർ കാവാലം