ജെ​റ്റ് എ​യ​ർ​വേ​യ്സ് അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കു​ക​ൾ കു​ത്ത​നെ വെ​ട്ടി​കു​റ​ച്ചു
Thursday, April 26, 2018 8:47 PM IST
മസ്കറ്റ്: മസ്കറ്റിൽ നിന്നും ജെറ്റ് എയർ വിമാനങ്ങളിൽ അധിക ചെക്ക് ഇൻ ബാഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്ക് സന്തോഷവാർത്ത. അനുവദിച്ചിട്ടുള്ള ബാഗേജ് ആനുകൂല്യത്തിനു പുറമെ കൊണ്ടു പോകുന്ന സാധനങ്ങൾക്ക് ചുമത്തിയിരുന്ന അധിക ചാർജുകൾ സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിൽ ജെറ്റ് എയർവേയ്സ് പുനഃക്രമീകരിച്ചു.

വിമാനത്താവളത്തിൽ 10 ഒമാനി റിയാൽ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 1 റിയാൽ 300 ബൈസയായാണ് കുറച്ചിരിക്കുന്നത്. യാത്രക്കു മുന്പ് ഓണ്‍ലൈനിലോ വിമാനക്കന്പനിയുടെ ഓഫീസുകളിലോ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 5 കിലോയ്ക്ക് 15 ഒമാനി റിയാലും 10 കിലോയ്ക്ക് 25 റിയാലുമായിരുന്ന സ്ഥാനത്ത് 20 കിലോയുടെ അധിക ബാഗേജിന്
വെറും 13 റിയാൽ 600 ബൈസയായി കുത്തനെ കുറച്ചു. കൂടാതെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നും അധിക ബാഗേജിന് ഈടാക്കിയിരുന്ന ചാർജുകളും പിൻവലിച്ചു. 5 മുതൽ 10 കിലോയ്ക്ക് യഥാക്രമം 23, 38 റിയാലാണ് ഈടാക്കിയിരുന്നത്. ഇനി മുതൽ ആഭ്യന്തര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന ഓണ്‍വേർഡ് യാത്രക്കാർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ചാർജ് മാത്രം നൽകിയാൽ മതി. അതായത് മുംബൈ വഴി കോഴിക്കോട്ടേയ്ക്കോ, കോൽക്കത്തയിലേക്കോ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനിൽ നിന്നും
മുംബൈ വരെയുള്ള ബാഗേജ് നിരക്കെ ഈടാക്കുകയുള്ളു.

ജെറ്റ് എയർവേയ്സിന്‍റെ ബാഗേജ് നിരക്കുകൾ പുനഃക്രമീകരിക്കാനുള്ള തീരുമാനം ട്രാവൽ ഏജൻസി വൃത്തങ്ങൾ പരക്കെ സ്വാഗതം ചെയ്തു.

ഇതോടൊപ്പം തന്നെ ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കും ചെക്ക് ഇൻ ബാഗേജ് കൂടുന്നതനുസരിച്ച് നിരക്കുകളിൽ വ്യത്യാസവും വരുത്തിയിട്ടുണ്ട്. ഇതു പ്രകാരം കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇക്കണോമി ക്ലാസിൽ 10 മുതൽ 50 വരെ കിലോ ചെക്ക് ഇൻ ബാഗേജ് കൊണ്ടുപോകുവാൻ പര്യാപ്തമായ രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ പുനഃക്രമീകരിച്ചിരിക്കുന്നത്.

ഡൽഹിയിലേക്കും, മുംബൈയിലേക്കും ക്യാബിൻ ബാഗേജ് മാത്രമായും യാത്ര ചെയ്യാം. ചുരുക്കത്തിൽ ജെറ്റ് എയർവേയ്സിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് തങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്ന ലഗേജിന്‍റെ തൂക്കമനുസരിച്ച് ടിക്കറ്റ് എടുക്കാം. അഥവാ അവസാന നിമിഷം സാധനങ്ങൾ കൊണ്ടുപോകണമെന്ന് തോന്നുന്ന പക്ഷം അധിക നിരക്കുകൾ കൊടുക്കാതെ ബാഗേജ് ചെക്ക് ഇൻ ചെയ്യുകയും ചെയ്യാം.

ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്കും നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അധിക നിരക്കിളവുകൾ (1 റിയാൽ 300 ബൈസക്ക് തത്തുല്യമായ തുക) ബാധകമായിരിക്കുമെന്ന് ജെറ്റ് എയർവേയ്സ് ഒമാൻ ജനറൽ മാനേജർ വസീം സയിദി ദീപികയോട് പറഞ്ഞു.

റിപ്പോർട്ട്: സേവ്യർ കാവാലം