എം ക്യൂബ് പരിപാടി: ഗോപിനാഥ് മുതുകാട് കുവൈത്തിൽ
Thursday, May 24, 2018 11:48 PM IST
കുവൈത്ത്: സന്നദ്ധരക്തദാനപ്രവർത്തനങ്ങളിൽ ഇന്ത്യയിലും കുവൈത്ത് ഉൾപ്പെടെയുള്ള 9 വിദേശരാജ്യങ്ങളിലും 2011 മുതൽ സജീവമായി പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള എന്ന നവമാധ്യമ കൂട്ടായ്മയുടെ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിക്കുന്ന “BDK-Aspire 2k18” പരിപാടിയിൽ പങ്കെടുക്കാൻ പ്രശസ്ത മജീഷ്യനും പ്രഭാഷകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് സെപ്റ്റംബർ 7ന് കുവൈത്തിൽ എത്തുന്നു.

എംക്യൂബ് (മോൾഡിംഗ് മൈൻഡ്സ് മാജിക്കലി Molding Minds Magically എന്ന പേരിൽ അബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5 മുതൽ മാജിക്കിനെ സംയോജിപ്പിച്ച് മോട്ടിവേഷൻ ക്ലാസ് അവതരിപ്പിക്കുമെന്നു ബിഡികെ കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. കുവൈത്തിൽ ആദ്യമായാണ് പരിപാടി അദ്ദേഹം അവതരിപ്പിക്കുന്നത്.

ചടങ്ങിൽ, രക്തദാനം എന്ന മഹത്തായ പ്രവർത്തനത്തിന് നവമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ആശയത്തിനു തുടക്കമിട്ട ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകൻ വിനോദ് ഭാസ്കരനെ ഇൻസ്പൈറിംഗ് ലീഡർഷിപ്പ് അവാർഡ് നൽകി ആദരിക്കും. കുവൈത്തിലെ രക്തദാന പ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം വഹിച്ച/സഹകരിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കും.

ബിഡികെ കുവൈത്ത് ചാപ്റ്റർ നടത്തിവരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ഉൗർജ്ജിത രക്തദാനബോധവത്കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. യുവജനശാക്തീകരണം ഒരു രാജ്യത്തിന്‍റെ ദേശീയ വികസനത്തിന് മാത്രമല്ല, വ്യക്തിഗത വികസനത്തിനും അനിവാര്യമാണ് എന്ന ആശയത്തിലൂന്നി, മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒരാളുടെ സർഗാത്മകത, സന്തോഷം, നേതൃത്വ പാടവം, കലാപരമായ കഴിവ്, EQ, IQ, പ്രതിസന്ധികൾ നേരിടുവാനുള്ള കഴിവ് എന്നിവ പരുവപ്പെടുത്തുവാൻ പരിപാടി സഹായിക്കും.

പരിപാടിയുടെ ആദ്യ പോസ്റ്റർ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. സുരേന്ദ്രനായിക് പുറത്തിറക്കി. പരിപാടിയോടനുബന്ധിച്ച് ആരംഭിച്ച വെബ്സൈറ്റിന്‍റെ ഉദ്ഘാടനം ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡന്‍റ് ഡോ. ദിവാകര ചലുവയ്യ നിർവഹിച്ചു. ബിഡികെ കുവൈത്ത് ചാപ്റ്റർ പ്രസിഡന്‍റ് മുരളി എസ് പണിക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ, രക്ഷാധികാരി മനോജ് മാവേലിക്കര, രാജൻ തോട്ടത്തിൽ, സലിം കൊമ്മേരി എന്നിവർ സംസാരിച്ചു. ഇവന്‍റ് കണ്‍വീനർ രഘുബാൽ സ്വാഗതവും ജനറൽ സെക്രട്ടറി രഞ്ജിത്ത് രാജ് നന്ദിയും പറഞ്ഞു.

കുവൈത്തിലെ പ്രശസ്ത ഇവന്‍റ് മാനേജ്മെന്‍റ് ടീം ആയ മ്യൂസിക് ബീറ്റ്സ് സാക്ഷാത്കരിക്കുന്ന പരിപാടിയിൽ കുവൈത്തിലെ പ്രമുഖസ്ഥാപനങ്ങളായ ഹെസ്റ്റണ്‍ ഗ്രൂപ്പ്, അൽ റാഷിദ് ട്രാവൽ ആൻഡ് ഷിപ്പിംഗ് എന്നിവർ മുഖ്യ പ്രായോജകരായിരിക്കും.

പ്രവേശനം സൗജന്യമായ പരിപാടിയിലേക്ക് തൽപരരായ കുവൈത്തിലെ മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ http://bdkkuwait.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വിവരങ്ങൾക്ക്: അബാസിയ: 9995 0121, 6005 4140 ക സാൽമിയ: 6658 7786 ക ഫഹാഹീൽ: 9855 7344 ക ഫർവാനിയ: 9873 8016, 9803 6991.

സ്പോണ്‍സർഷിപ്പിനും മറ്റു വിവരങ്ങൾക്കും 6999 7588, 6501 2380, 5151 0076, 6676 9981, 6930 2536, 9995 0121, [email protected]

റിപ്പോർട്ട്: സലിം കോട്ടയിൽ