മെകുനു ചുഴലിക്കാറ്റ്; പ്രാർഥനയോടെ ഒമാൻ
Friday, May 25, 2018 12:01 AM IST
മ​​സ്ക​​റ്റ്: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ രൂ​​​പം കൊ​​​ണ്ട മെ​​​കു​​​നു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ഒ​​​മാ​​​നി​​​ലെ സ​​​ലാ​​​ല​​​യി​​​ല്‍ വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ആ​​​ഞ്ഞ​​​ടി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പ്. ഗ​​​ള്‍ഫി​​​ലെ കേ​​​ര​​​ള​​​മെ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സ​​​ലാ​​​ല​ ഒ​​മാ​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​സ്‌​​​ക​​​റ്റി​​​ല്‍നി​​​ന്നു 1000 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​ക​​ലെ​​യാ​​ണ്.

കാറ്റഗറി രണ്ടു വിഭാഗത്തിലേക്ക് മാറിയ ചുഴലിക്കാറ്റും അതിനോടനുബന്ധിച്ചുള്ള വെള്ളപ്പൊക്ക കെടുതികളും നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ അധികൃതർ പൂർത്തിയാക്കി. സലാലയുൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിലും അൽവുസ്ത മേഖലയിലുമാണ് പ്രധാനമായും കാറ്റ് വ്യാപകമായി നാശം വിതക്കാനുള്ള സാധ്യത. ഭീഷണി നേരിടുന്ന ഹലാനിയാത്ത് ദ്വീപിൽ നിന്നും ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ആളുകളെ പൂർണമായി ഒഴിപ്പിച്ചു. 160 കിലോ മീറ്റർ ദൂരെയുള്ള ദ്വീപിൽ നിന്നും റോയൽ എയർ ഫോഴ്സ് വിമാനങ്ങളിലാണ് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞുമുതൽ സലാലയിലും സമീപ പ്രദേശങ്ങളിലുൾപ്പെടെ ശക്തമായ മഴ പെയ്തു. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ദാരിസ് ബീച്ച് റോഡിൽ വെള്ളം കയറിയതായി സലാല യാക്കോബായ പള്ളി വികാരി ഫാ.വർഗീസ് താഴത്തേക്കുടി ദീപികയോട് പറഞ്ഞു രാത്രി 12 മുതൽ സലാല അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറുകളിലേക്ക് അടച്ചിട്ടു.കാലാവസ്ഥയുടെ ഗതിയനുസരിച്ച് മുന്പോട്ടുള്ള തീരുമാനങ്ങൾ എടുക്കുമെന്ന് വ്യോമയാന അതോറിറ്റി അധികൃതർ അറിയിച്ചു.

കാലാവസ്ഥയിലുള്ള മാറ്റങ്ങൾ ഒമാന്‍റെ വ്യോമ മേഖലയെയും ബാധിച്ചിട്ടുണ്ട്. മേഖലയിൽ കൂടി കടന്നു പോകുന്ന വിമാനക്കന്പനികൾക്കും ഇതു സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകി വരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. മസ്കറ്റിൽ നിന്നുൾപ്പെടെയുള്ള സർക്കാർ വക ബസ് സർവീസായ മവസലാത് സലാലയിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു.

തിരമാലകൾ 8 മീറ്റർ വരെ ഉയരത്തിൽ തീരത്തേയ്ക്ക് അടിക്കാനുള്ള സാധ്യതകളുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ അറിയിച്ചു.

2002 ലാണ് ഇതിനു മുന്പ് സലാലയിൽ കാറ്റും മഴയും നാശം വിതച്ചത്. അതിനുശേഷം 2007ൽ ഗോനുവും പിന്നീട് ഫെറ്റും ഒമാനെ പിടിച്ചു കുലുക്കിയെങ്കിലും സലാലയെ ബാധിച്ചില്ല. ഗോനുവിൽ 78 പേരുടെ ജീവൻ പൊലിഞ്ഞു, ഏതാണ്ട് 4.4 ബില്യണ്‍ യുഎസ് ഡോളറിന്‍റെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്. ദിശ മാറി പാക്കിസ്ഥാന്‍റെയും ഇറാന്‍റെയും തീരങ്ങളിലൂടെ കടന്നു പോയതിനാലാണ് വൻദുരന്തം ഒഴിവായത്.

റിപ്പോർട്ട്: സേവ്യർ കാവാലം