റംസാൻ ഖുർആനിന്‍റെ മാസം
Saturday, May 26, 2018 9:13 PM IST
റിയാദ്: റംസാൻ മാസം ഖുർആൻ ലോകർക്ക് കാരുണ്യമായി ഇറക്കിയ മാസമാണെന്നും ആത്മ വിശുദ്ധി നേടാനുള്ള അവസരം വിശ്വാസികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതൻ അബ്ദുൾ റസാഖ് സ്വലാഹി. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ശുമേസി ശാഖ സമൂഹനോന്പ് തുറയോടനുബന്ധിച്ച് നടത്തി വരുന്ന ദഅവാ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുഗ്രഹീതവും മഹത്തരവും സൽകർമങ്ങൾക്ക് വർധിച്ച പ്രതിഫലവും ലഭിക്കുന്ന റംസാൻ മാസം വിശ്വാസികൾക്ക് ആത്മീയ ചൈതന്യം വീണ്ടെടുക്കുവാനും പാപമോചനത്തിനും പശ്ചാത്താപത്തിനും ഉള്ള അവസരവും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ദിനംപ്രതി നൂറിൽപരം അതിഥികൾക്ക് വിപുലമായി നോന്പു തുറക്കാനുള്ള സജ്ജീകരണങ്ങൾ ഇഫ്താര് സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ടെന്ന് റിയാദ് ഇന്ത്യന് ഇസ്ലാഹി സെന്‍റർ ശുമേസി ശാഖ പ്രസിഡന്‍റ് അഷ്റഫ് തിരുവനന്തപുരം അറിയിച്ചു.

അഷ്റഫ് തിരുവനന്തപുരം കണ്‍വീനർ ആയും മദ്രസ പിടിഎ പ്രസിഡന്‍റ് ഷാനവാസ് ജോയിന്‍റ് കണ്‍വീനർ ആയും ഇഫ്താർ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. അസര് നമസ്കാര ശേഷം മുതൽ വോളന്‍റിയർ വിംഗ് സേവനരംഗത്ത് ഉണ്ടാകുമെന്ന് ക്യാപ്റ്റൻ റസൽ തൃശൂർ അറിയിച്ചു.

എല്ലാ ദിവസവും മഗ്രിബിന് മുന്പുള്ള സമയങ്ങളിൽ പണ്ഡിതർ ശ്രദ്ധേയമായ വിഷയങ്ങളിൽ ഹ്രസ്വമായ മതപ്രഭാഷണങ്ങൾ നിർവഹിക്കുമെന്ന് ദഅവ കണ്‍വീനർ കുനിയിൽ അംജദ് അൻവാരി വ്യക്തമാക്കി. റംസാനിലെ ആദ്യ ഇരുപത് ദിവസം അബ്ദുൽ റസാഖ് സ്വലാഹിയുടെ നേതൃത്വത്തിൽ ദീര ഇസ്ലാമിക് ദഅവ ഗൈഡന്സ് സെന്‍ററുമായി സഹകരിച്ചു ഖുർആൻ ഹിഫ്ള് പദ്ധതി നടപ്പാക്കുന്നു. പദ്ധതി ഹ്രസ്വമായ നിലയിൽ ആരംഭിച്ച് ദീർഘകാല പദ്ധതിയായി വിപുലീകരിക്കാൻ സാധിക്കുമെന്ന ശുഭ പ്രതീക്ഷയോടെയാണ് ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ചെറിയ സുറത്തുകളുടെ ഹിഫ്ളാണ് ആരംഭത്തിൽ നടപ്പിൽ വരുത്തുക. ക്ലാസുകളുടെ സമയം ആഴ്ചയിൽ മൂന്നു ദിവസം വൈകുന്നേരം നാലു മുതൽ ആറു വരെ ആണ്.

ഇസ്ലാമിക വിഷയങ്ങളിലുള്ള സംശയനിവാരണത്തിനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വിവിധ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ വ്യക്തിത്വങ്ങളും മാധ്യമ പ്രതിനിധികളും മുഖ്യാതിഥികളായി സമൂഹ നോന്പ് തുറയിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം കോഓർഡിനേറ്റർമാരായ ഉമർഖാൻ, അലിമോൻ എന്നിവർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് ഉംറ നിർവഹിക്കാനുള്ള സംവിധാനവും ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ പണ്ഡിതരുടെ പ്രഭാഷണങ്ങൾ അടങ്ങിയ പെൻഡ്രൈവ്, ഇസ്ലാമിക പ്രസിദ്ധീകരണങ്ങൾ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ നടത്തിവരുന്ന ലേണ്‍ ദി ഖുർആൻ പുസ്തകം എന്നിവ ദഅവ കൗണ്ടറിൽ ലഭ്യമാണ്.

ഷംസുദ്ദീൻ പുനലൂർ, കബീർ ആലുവ, ഇസ്മാഈൽ മന്പുറം, സയിദ്, യാസിർ, അബ്ദുൽ ഗഫൂർ തലശേരി, ഷാഫി ഇടുക്കി, മോനിഷ്, മുനീർ ചെറുവാടി, ഹനീഫ് തലശേരി, അഷ്റഫ് തലശേരി, മുഹമ്മദ്, റിയാസ്, അബ്ദുൽ സക്കീർ ചേലേന്പ്ര, അദീബ് കുനിയിൽ, നസറുദ്ദീൻ തുടങ്ങിയവർ വിവിധ സബ്കമ്മിറ്റികൾ കൈകാര്യം ചെയ്യുന്നത്.

വിവരങ്ങൾക്ക്: അബ്ദുൾ ഗഫൂർ തലശേരി 0532726503, മുഹമ്മദ് ഹാഷിം 0546673579.