സൗദിയില്‍ മലയാളി ദമ്പതികളെ മരുഭൂമിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അല്‍ ഹസ: മലയാളി ദമ്പതികളെ മരുഭൂമിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലെ അയൂണ്‍ മരുഭൂമിയിലാണ് കോഴിക്കോട് വല്യാപ്പിള്ളി കുനിങ്ങാട് സ്വദേശിനി റിസ്‌വാനയുടെയും (29) ഭര്‍ത്താവ് നാദാപുരം കക്കട്ടില്‍ സ്വദേശി കുഴിച്ചാല്‍ കുഞ്ഞബ്ദുള്ളയുടെയും (37) മൃദദേഹങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് ചികിത്സക്കായി ദമ്മാമില്‍ പോയ ഇരുവരെയും കുറിച്ച് ഒരു വിവരവും ലഭിക്കാഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞബ്ദുള്ള ജോലിചെയ്തിരുന്ന കമ്പനി അധികൃതരും സുഹൃത്തുക്കളും പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് അല്‍ഹസക്കു സമീപം അല്‍ ആയൂണില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ മരുഭൂമിയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ റിസ്‌വാനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വാഹനത്തിനു അല്‍പം അകലെ കുഞ്ഞബ്ദുള്ളയുടെ മൃതദേഹവും കണ്ടെത്തി. രണ്ടര വര്‍ഷമായി അല്‍ ഹസയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്ന കുഞ്ഞബ്ദുള്ള മൂന്നു മാസം മുന്‍പാണ് ഭാര്യയെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നത്. ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല.
രണ്ടുപേരുടെയും മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം