മാഞ്ചസ്റ്റർ ഡേ പരേഡ് 17 ന്; ഒരുക്കങ്ങൾ പൂർത്തിയായി
Saturday, June 16, 2018 9:28 PM IST
മാഞ്ചസ്റ്റർ: ഒന്പതാമത് മാഞ്ചസ്റ്റർ ഡേ പരേഡിൽ പങ്കെടുക്കുന്ന മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

ജൂണ്‍ 17ന് (ഞായർ) നടക്കുന്ന മാഞ്ചസ്റ്റർ ഡേ പരേഡിന്‍റെ ഭാഗമാവുകയാണ് എം.എം.എ. നോർത്ത് വെസ്റ്റ് റീജണിലെ ഏറ്റവും വലിയ മലയാളി ചാരിറ്റി ഓർഗനൈസേഷനായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ വിത്യസ്തമായ പ്രവർത്തന ശൈലിയിലൂടെ ശ്രദ്ധ നേടുന്ന പ്രസ്ഥാനമാണ്. മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്‍റെയും മാഞ്ചസ്റ്റർ മേളത്തിന്‍റെയും പ്രവർത്തകർ മാഞ്ചസ്റ്റർ പരേഡിൽ മികച്ച പ്രകടനം പുറത്തെടുത്ത് ശ്രദ്ധയാകർഷിക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ്.

തുടർച്ചയായ മൂന്നാം വർഷമാണ് എംഎംഎ മാഞ്ചസ്റ്റർ ഡേ പരേഡിൽ പങ്കാളികളാകുന്നത്. മാഞ്ചസ്റ്ററിലെ പ്രധാന പെതുപരിപാടികളായ മാഞ്ചസ്റ്റർ ഡേ പരേഡ്, മാഞ്ചസ്റ്റർ മേള, മാഞ്ചസ്റ്റർ ഫെസ്റ്റിവൽ എന്നിവയിലും എംഎംഎ യുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ദ്രാവിഡ കലാരൂപങ്ങളായ കുംഭകുടവും കുമ്മിയാട്ടവും പരേഡിന് മാറ്റുകൂട്ടും. പ്രശസ്ത ചെണ്ട വിദ്യാൻ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള മാഞ്ചസ്റ്റർ മേളം ടീമിന്‍റെ ശിങ്കാര മേളവും പരേഡിന് ശബ്ദ മാധുര്യമേകും.

"Word on the Street' എന്നതാണ് ഈ വർഷത്തെ മാഞ്ചസ്റ്റർ പരേഡിന്‍റെ തീം. അതുകൊണ്ട് തന്നെ മലയാള ഭാഷയ്ക്കും അതിന്‍റെ പ്രചാരണത്തിനും പ്രാധാന്യം നൽകുവാനാണ് എംഎംഎ പരേഡിലൂടെ ശ്രമിക്കുന്നത്.

മാഞ്ചസ്റ്റർ പരേഡിൽ അറുപത് രാജ്യങ്ങളെ പ്രതിനിധീകരിച്ച് എണ്‍പതോളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി കൗണ്‍സിലിന്േ‍റയും കേരള വിനോദ സഞ്ചാര വകുപ്പിന്േ‍റയും സഹകരണത്തോടെ മാഞ്ചസ്റ്റർ മലയാളികളും പങ്കെടുക്കുന്ന പരേഡിൽ ഏവരുടേയും സാന്നിധ്യ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി പ്രസിഡന്‍റ് വിൽസണ്‍ മാത്യുവും സെക്രട്ടറി കലേഷ് ഭാസ്കറും അറിയിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്