ഭീകരാക്രമണം തടയാൻ ഈഫൽ ടവറിനു ചുറ്റുമതിൽ
Saturday, June 16, 2018 9:29 PM IST
പാരീസ്: ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് ഈഫൽ ടവറിനു ചുറ്റും ഇരുന്പു വേലിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജൂലൈ അവസാനത്തോടെ ഇതിന്‍റെ ഉദ്ഘാടനം നടക്കുമെന്നാണ് കരുതുന്നത്.

35 മില്യണ്‍ യൂറോ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. രണ്ടു വശങ്ങളിലായി ആറര സെന്‍റീമീറ്റർ കനത്തിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സ്ഥാപിച്ചിരിക്കുന്നത്. മറ്റു രണ്ടു വശങ്ങളിൽ മൂന്നേകാൽ മീറ്റർ ഉയരത്തിലാണ് ഇരുന്പ് വേലി. ഈഫൽ ടവറിന്‍റെ പൊക്കത്തിന്‍റെ നൂറിലൊന്നാണിതിന്‍റെ പൊക്കം. വാഹനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ തടയാൻ 420 ബ്ലോക്കുകളും ചുറ്റും സ്ഥാപിക്കുന്നു.

2015 മുതൽ ഫ്രാൻസിലുണ്ടായ വിവിധ ഭീകരാക്രമണങ്ങളിൽ 240 ലേറെപേർ മരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ ഭീകരവാദികൾ ലക്ഷ്യമിടാൻ സാധ്യതയുള്ളതു കണക്കിലെടുത്താണ് ഈഫൽ ടവറിന്‍റെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

2016 ജൂണ്‍ മുതൽ ഈഫൽ ടവറിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഭീകരവിരുദ്ധ സ്ക്വാഡുകൾ സദാ സമയം ടവറിനെ റോന്തു ചുറ്റുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ