മാഞ്ചസ്റ്റർ കാത്തലിക് അസ്സോസിയേഷന്‍റെ ബാർ ബി ക്യൂ പാർട്ടി, സ്പോർട്സ് ഡേ, ഫാദേഴ്സ്ഡേ ആഘോഷങ്ങൾ
Monday, June 18, 2018 10:12 PM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ബാർ ബി ക്യൂ പാർട്ടിയും സ്പോർട്സ് ഡേയും ഫാദേഴ്സ്ഡേ ആഘോഷങ്ങളും പ്രൗഢഗംഭീരമായി. മാഞ്ചസ്റ്ററിലെ പ്ലാറ്റ് ഫീൽഡ് പാർക്കിൽ രാവിലെ തുടങ്ങിയ ആഘോഷപരിപാടികൾ വൈകുന്നേരം വരെ നീണ്ടു. ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കലിന് സ്വീകരണം നൽകിയതോടെ പരിപാടികൾക്ക് തുടക്കമായി.

അസോസിയേഷൻ പ്രസിഡന്‍റ് ജോജി ജോസഫ് ,സെക്രട്ടറി ബിന്‍റോ സൈമൺ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ബാർ ബി ക്യൂ പാർട്ടിയിൽ അസോസിയേഷൻ കുടുംബങ്ങൾ ഒന്നടങ്കം പങ്കെടുക്കുകയും സ്വാദൂറും വിഭവങ്ങൾ ചൂടോടെ ആസ്വദിക്കുകയും ചെയ്തു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങളോടെ കായിക മത്സരങ്ങൾക്ക് തുടക്കമായി.കുട്ടികളെ പ്രായമാനുസരിച്ചു വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടന്ന മത്സരങ്ങളിൽ ഒട്ടേറെ കുട്ടികൾ പങ്കാളികളായി.മിട്ടായി പെറുക്കും,ഓട്ടവും,ലെമൺ സ്പൂൺ റെയിസും എല്ലാം ഏറെ ആവേശത്തോടെയാണ് കുട്ടികൾ എതിരേറ്റത്.അസോസിയേഷൻ സ്പോർട്സ് കോർഡിനേറ്റർ സണ്ണി ആൻറണി സ്പോട്സ് ഡേ പരിപാടികൾക്ക് നേതൃത്വം നൽകി.

തുടർന്നു ഫാദേർസ്ഡേ ആഘോഷാങ്ങൾക്ക് തുടക്കമായി.ഫാ.ജോസ് അഞ്ചാനിക്കൽ നടത്തിയ പ്രാർഥനയേയും സന്ദേശത്തെയും തുടർന്ന് അച്ചനും പിതാക്കന്മാരും ചേർന്ന് കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.തുടർന്ന് പിതാക്കന്മാർക്കായി പ്രത്യേക മത്സരങ്ങളും നടന്നു. കുട്ടികൾ പൂക്കളും കാർഡുകളും അപ്പന്മാർക്കു നൽകി ആദരവ് പ്രകടിപ്പിച്ചു.

അസോസിയേഷന്‍റെ തുടക്കം മുതൽ എല്ലാ വർഷവും മുടക്കം കൂടാതെ നടന്നുവരുന്നതാണ് ബാർ ബി ക്യൂ പാർട്ടി.അസോസിയേഷൻ കുടുംബങ്ങൾ തമ്മിലുള്ള ഒത്തൊരുമയുടെയും കൂട്ടായ്മയും വർധിപ്പിക്കുന്നതിനായിട്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും ഇതിൽ പങ്കെടുത്തവർക്കും പരിപാടിയുടെ വിജയത്തിനായി സഹകരിച്ചവർക്കും സെക്രട്ടറി ബിന്റോ സൈമൺ നന്ദി പറഞ്ഞു.

റിപ്പോർട്ട് : സാബു ചുണ്ടക്കാട്ടിൽ