സിം കാർഡുകൾ ഇല്ലാത്ത മൊബൈൽ ലോകം
Thursday, June 21, 2018 12:12 AM IST
ഫ്രാങ്ക്ഫർട്ട്: മൊബൈൽ ഫോണുകളുടെ പരിണാമങ്ങൾ കാണാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മിന്നൽ വേഗതയിലാണ് ഈ മാറ്റങ്ങൾ വരുന്നത്. ആന്‍റിനകളോടു കൂടിയ ആദ്യ കാലത്തെ മൊബൈലുകൾ, ടച്ച് സ്ക്രീനുകളുള്ളത് എന്നിവ.

മൊബൈൽ ഫോണുകളുടെ മർമ്മം സിം കാർഡ് ആണ്. ഇരുപത്തേഴു വർഷങ്ങൾക്കു മുന്പ്, 1991ലാണ് ജർമൻ സ്മാർട് കർഡ് നിർമാതാക്കളായ ജീസെക്ക് ആൻഡ് ഡെറിയെന്‍റ് ഫിന്നിഷ് എന്ന കന്പനി ലോകത്ത് അദ്യമായി സിം കാർഡ് അവതരിപ്പിച്ചത്. എന്നാൽ അതിനുശേഷം മൈക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലിപ്പവ്യത്യാസങ്ങളിൽ ഇവ വന്നു.

എന്നാൽ സിം കാർഡ് എന്ന സങ്കൽപ്പം തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ മൊബൈൽ ലോകത്ത് ആരംഭിച്ചിട്ട് ഏതാനും വർഷങ്ങളായി. ഇനി പുതിയ കണക്ക്ഷൻ എടുക്കുന്നതിനായി പുതിയ സിം കാർഡ് വാങ്ങേണ്ടതില്ല.

ഓരോ ഫോണിലും സ്വിം കാർഡിന് പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡഡ് സിം (ഇസിം) ഉണ്ടാകും. സ്മാർട്ട് ഡിവൈസുകളുടെ മദർ ബോർഡുകളിൽ അഭിവാജ്യഭാഗമായ രീതിയിൽ വെർച്വൽ സ്പേസിൽ ആയിരിക്കും ഈ സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്റഴ്സിന്‍റെ അസോസിയേഷനായ ജിഎസ്എംഎ ആണ് ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചതും.

ഇസിം കൊണ്ടുള്ള പ്രധാന ഗുണം വിവിധ കണക്ഷനുകൾക്ക് വേണ്ടി വെവേറെ സ്വിമ്മുകൾ കൊണ്ട് നടക്കേണ്ട എന്നതാണ്. ഓരോ ഫോണിനും ഒരു സിം കാർഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ക്ഷൻ എടുക്കുന്പോൾ ആ കണക്ഷന്‍റെ ഐഡി ഇ ഫോണിൽ നൽകിക്കൊണ്ട് ഉപയോഗിക്കുകയാണ് ചെയ്യുക. ഒരു നന്പറും ഒരു പ്ലാനും വിവിധ ഡിവൈസുകളിൽ ഉപയോഗിക്കാം എന്നതാണ് ഇസിമ്മിന്‍റെ പ്രത്യേകത.

ഉദാഹരണത്തിന്, ഐഫോണിൽ ഉപയോഗിക്കുന്ന അതെ നന്പർ തന്നെ ആപ്പിളിന്‍റെ സ്മാർട്ട് വാച്ചിലും സെറ്റ് ചെയ്യാം. വിദേശ സഞ്ചാരം നടത്തുന്നവർക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇസിം സംവിധാനം. ഓരോ രാജ്യത്ത് ചെല്ലുന്പോഴും സ്വിം കാർഡ് മാറ്റേണ്ടാ. അതാതു രാജ്യങ്ങളിലെ മൊബൈൽ സർവീസ് ദാതാക്കളിൽ നിന്ന് ലഭിക്കുന്ന ഐഡിഇ ഫോണിൽ മാറ്റി നൽകിയാൽ മതി. കൂടാതെ കുറെ സിം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. വിവിധ രാജ്യങ്ങളിലെ ടെലികോം വകുപ്പുകൾ ഇതിനകം തന്നെ ഇസിം ഉപയോഗിക്കാനുള്ള അനുമതി മൊബൈൽ സർവീസ് പ്രൊവൈഡർമാർക്ക് നൽകിക്കഴിഞ്ഞു. സാംസംഗ്, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ സ്മാർട്ട് ഫോണ്‍ നിർമാതാക്കൾ ഇസിം സംവിധാനത്തെ സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ട്. ഗൂഗിളിന്‍റെ പിക്സൽ 2 ഫോണുകളിലാണ് ആദ്യമായി ഇസിം സംവിധാനം ഉൾപ്പെടുത്തിയത്.

റിപ്പോർട്ട്: ജോർജ് ജോണ്‍