മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് 24 ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഒന്നിന്
Friday, June 22, 2018 8:43 PM IST
മാഞ്ചസ്റ്റർ: യുകെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാർ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസയുടെയും നാമധേയത്തിലുള്ള ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് തുടക്കം കുറിച്ച് ഷ്രൂസ്ബറി രൂപത മെത്രാൻ ബിഷപ് മാർക്ക് ഡേവിസ് ജൂണ്‍ 24ന് (ഞായർ) കൊടിയേറ്റും.

വൈകുന്നേരം 4 ന് വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ. മാഞ്ചസ്റ്റർ തിരുനാളിന്‍റെ ചരിത്രത്തിലാദ്യമായാണ് ഷ്രൂസ്ബറി രൂപതാധ്യക്ഷൻ തിരുനാളിന് കൊടിയേറ്റുന്നത്. തുടർന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ മോണ്‍സി. റവ. ഡോ.മാത്യു ചൂരപൊയ്കയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നൊവേന, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ചയും എന്നിവ നടക്കും. കൊടിയേറ്റ ദിവസം ഉല്പന്ന ലേലം പതിവ് പോലെ ഈ വർഷവും ഉണ്ടായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 6 ന് വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ ഫാ.സാജൻ നെട്ടപൊങ്ങ്, ഫാ.ജോസ് അഞ്ചാനിക്കൽ, ഫാ.മാത്യു കരിയിലക്കുളം എന്നിവർ സീറോ മലബാർ റീത്തിലും ഫാ. രഞ്ജിത്ത് മീത്തിറന്പിൽ മലങ്കര റീത്തിലും ഫാ.ജിനോ അരീക്കാട്ട് സീറോ മലബാർ റീത്തിലും ദിവ്യബലി അർപ്പിക്കും. 30 ന് ശനി രാവിലെ 10 ന് സെന്‍റ് ആന്‍റണീസ് ഇടവക വികാരി ഫാ. നിക്ക് കേൻ ഇംഗ്ലീഷിൽ ദിവ്യബലിയർപ്പിക്കും. എല്ലാ ദിവസവും മധ്യസ്ഥ പ്രാർഥനയും ലദീഞ്ഞും ഉണ്ടായിരിക്കും.

ജോസച്ചന്‍റെ അധ്യക്ഷതയിൽ ചേരുന്ന പാരീഷ് കമ്മിറ്റി യോഗം തിരുനാളിന്‍റെ ഒരുക്കങ്ങളെ സംബന്ധിച്ച അവസാന വിലയിരുത്തലുകൾ നടത്തും. ട്രസ്റ്റിമാരായ ബിജു ആന്‍റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, പാരീഷ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.

റിപ്പോർട്ട്: അലക്സ് വർഗീസ്