തുർക്കി ഞായറാഴ്ച ബൂത്തിലേക്ക്
Saturday, June 23, 2018 9:01 PM IST
ബർലിൻ. തുർക്കിയിൽ പൊതു തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. നിലവിൽ അധികാരം കൈയാളുന്ന ഏർദോഗൻ വീണ്ടും ഒരിക്കൽകൂടി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. 2014 ൽ ആദ്യമായി അധികാരത്തിൽ വന്ന എർദോഗൻ കഴിഞ്ഞ വർഷം ഭരണഘടനയിൽ നിരവധി മാറ്റങ്ങൾ വരുത്തി അധികാരം സ്വന്തം കുടുംബത്തിനും പാർട്ടിക്കും അനുകൂലമാക്കിയിരുന്നു.

ഒരു പുതിയ പ്രസിഡൻഷ്യൽ ഭരണ രീതി കൊണ്ടുവരുമെന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഒരു സ്വേച്ഛാധിപത്യ സ്വഭാവത്തോടെ ആണ് ഭരണം തുടരുന്നത്. പ്രസിഡന്‍റിനെതിരെ ഭരണം അട്ടിമറിക്കാൻ പ്രതിപക്ഷം ഭരണക്കാരോട് ചേർന്ന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അട്ടിമറിയുടെ പേരിൽ മാധ്യമ പ്രവർത്തകർ, അധികാരികൾ ഉൾപ്പടെ ഒട്ടനവധി ആളുകളെ വിചാരണ ചെയ്യാതെ തുറുങ്കിൽ അടച്ചിരുന്നു.

ഭരണ അട്ടിമറി, അഭയാർഥി പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ ജർമനിയുമായി സ്വര ചേർച്ച ഇല്ലാത്ത സാഹചര്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ജർമനിയിൽ താമസിക്കുന്ന ഏതാണ്ടു മുപ്പതു ലക്ഷത്തോളം വരുന്ന തുർക്കികൾ വോട്ട് ചെയ്യാൻ മടിക്കുന്നു എന്ന കാര്യം ഇവിടെ ഏറെ ചർച്ചാ വിഷയം ആണ്.

പാർലമെന്‍റിനു പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനുള്ള അധികാരം ഉണ്ടെങ്കിലും എർദോഗന്‍റെ ആജ്ഞാനുവർത്തികൾ ആണ് പാർലമെന്‍റിൽ ഭൂരിപക്ഷവും.

യൂറോപ്യൻ യൂണിയനിൽ അംഗം ആകാൻ കാത്തുകെട്ടി കിടക്കുന്ന തുർക്കിക്ക് ജർമനി ഇപ്പോഴും വിലങ്ങുതടി ആണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ