വിമെൻ ഇൻ സിനിമാ കളക്ടീവിന് ഐക്യദാർഢ്യം
Saturday, June 30, 2018 6:34 PM IST
മെൽബണ്‍: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവിന് ഓസ്ട്രേലിയൻ മലയാളി ലിറ്റററി അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു.

സിനിമാ ലോകത്തെ പുരുഷാധിപത്യ പ്രവണതകളും സ്ത്രീവിരുദ്ധതയും മറയില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെതിരെ പ്രതികരിക്കുക എന്നത് ഓസ്ട്രേലിയൻ മലയാളി സാഹിത്യ പ്രവർത്തകരുടെ കൂട്ടായ്മയായ അംല (AMLA) യുടെ ധാർമിക ഉത്തരാവാദിത്വമാണ്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ (AMMA) ആക്രമിക്കപ്പെട്ട വനിതാ താരത്തോടൊപ്പം നിൽക്കുകയോ അവർക്ക് സംരക്ഷണം നൽകുകയോ ചെയ്തില്ലെന്ന് മാത്രമല്ല, മറിച്ച് സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കുന്ന നടനൊപ്പം കൈകോർക്കുകയുമാണ് ചെയ്തിരിക്കുന്നത്. മലയാളിയുടെ സാംസ്കാരിക പ്രതലത്തിൽ ഏറെ പ്രസക്തമായ ഒരു സംഘടനയിൽ നിന്നും അതിനു നേതൃത്വം നൽകുന്ന അഭിനേതാക്കളിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത സ്ത്രീ വിരുദ്ധ, മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അമ്മയുടെ നടപടിയിൽ പ്രതിഷേധിച്ച് വിമണ്‍ ഇൻ സിനിമാ കളക്ടീവിലെ നാല് അഭിനേത്രികൾ പ്രസ്തുത സംഘടനയിൽ നിന്ന് രാജിവച്ചതും അവർ ഉയർത്തിയ പ്രതിഷേധവും ലിംഗ സമത്വം ആഗ്രഹിക്കുന്ന, തുല്യ നീതി ആഗ്രഹിക്കുന്ന ഏതൊരു മലയാളിയേയും ആവേശം കൊള്ളിക്കുന്നതാണെന്ന് അംല ഭാരവാഹികളായ ജോണി സി. മറ്റവും സന്തോഷ് ജോസഫും പ്രസ്താവനയിൽ പറഞ്ഞു.