ആറുകോച്ച് മെട്രോ: പുതുക്കിയ സമയപ്രകാരം ഓട്ടം തുടങ്ങി
Tuesday, July 3, 2018 1:14 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ പുതിയ ആറുകോച്ച് ട്രെയിനിന്‍റെ സമയക്രമത്തിൽ മാറ്റം. ഓടിത്തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് പുതിയ മാറ്റം. പുതുക്കിയ സമയക്രമമനുസരിച്ച് വ്യാഴാഴ്ച മുതൽ ട്രെയിൻ സർവീസ് ആരംഭിച്ചു. ഒരാഴ്ചത്തെ യാത്രക്കാരുടെ പ്രതികരണം വിലയിരുത്തിയ ശേഷമാണ് പുതിയ സമയപട്ടിക പുറത്തിറക്കിയത്. പത്തു ദിവസത്തിനു ശേഷം ആവശ്യമെങ്കിൽ സമയക്രമത്തിൽ വീണ്ടും മാറ്റം വരുത്തുമെന്നും ബിഎംആർസിഎൽ അധികൃതർ അറിയിച്ചു.

ബൈയപ്പനഹള്ളി - മൈസൂരു റോഡ് പർപ്പിൾ പാതയിൽ സർവീസ് ആരംഭിച്ച ആറു കോച്ചുള്ള ആദ്യ ട്രെയിൻ സർവീസിനോടു യാത്രക്കാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണുണ്ടായത്. ഇതേത്തുടർന്നാണ് കൂടുതൽ യാത്രക്കാർക്ക് ഈ ട്രെയിൻ ഉപയോഗിക്കാവുന്ന തരത്തിൽ സമയക്രമത്തിൽ മാറ്റംവരുത്താൻ അധികൃതർ തീരുമാനിച്ചത്. രാവിലെയും വൈകുന്നേരവുമായി രണ്ടു സർവീസ് വീതം ഇരുവശത്തേക്കുമായി നടത്തുന്ന രീതിയിലാണ് പുതിയ സമയപട്ടിക.

ആറുകോച്ച് ട്രെയിൻ എത്തിയതോടെ പ്രധാനസമയങ്ങളിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാനായിട്ടുണ്ട്. അധികമായി മൂന്നു കോച്ചുകൾ കൂടി ചേർത്തതോടെ 2004 യാത്രക്കാരെ ട്രെയിനിൽ ഉൾക്കൊള്ളാനാകും. മറ്റു ട്രെയിനുകളിൽ 975 പേർക്ക് മാത്രമേ യാത്രചെയ്യാനാകൂ. ആറു കോച്ചുകളിൽ ആദ്യത്തേത് വനിതകൾക്കായി മാറ്റിവച്ചിരിക്കുകയാണ്. തിങ്കൾ മുതൽ വെള്ളി വരെയാണ് ആറു കോച്ചുള്ള ട്രെയിൻ സർവീസ് നടത്തുന്നത്.


പുതുക്കിയ സമയക്രമം


പുറപ്പെടുന്ന സ്റ്റേഷൻ................. സമയം....................എത്തിച്ചേരുന്ന സ്റ്റേഷൻ........... സമയം


ബൈയപ്പനഹള്ളി.........................8.02 am ..................മൈസൂരു റോഡ്............. 8.41 am

മൈസൂരു റോഡ്.........................8.45 am ...................ബൈയപ്പനഹള്ളി.............. 9.23 am

ബൈയപ്പനഹള്ളി........................10.44 am .................മൈസൂരു റോഡ്.................11.23 am

മൈസൂരു റോഡ്.........................11.31 am .................ബൈയപ്പനഹള്ളി................12.09 am

ബൈയപ്പനഹള്ളി.........................5.34 pm ..................മൈസൂരു റോഡ്...................6.13 pm
.
മൈസൂരു റോഡ്.........................6.14 pm ...................ബൈയപ്പനഹള്ളി...................6.52 pm

ബൈയപ്പനഹള്ളി.........................6.59 pm ...................മൈസൂരു റോഡ്...................7.38 pm

മൈസൂരു റോഡ്..........................7.40 pm ....................ബൈയപ്പനഹള്ളി..................8.18 pm