സ്വീഡനിൽ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
Friday, July 6, 2018 9:14 PM IST
സ്റ്റോക്ക്ഹോം: സ്വീഡനിൽ ജോലി ചെയ്യുന്നതിനുള്ള പെർമിറ്റിന് അപേക്ഷിക്കുന്ന, യൂറോപ്പിനു പുറത്തുനിന്നുള്ളവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നു. ഈ വർഷത്തിന്‍റെ ആദ്യ ആറു മാസങ്ങളിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അന്പതു ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂണിൽ അവസാനിച്ച ആറു മാസത്തിനിടെ ആദ്യ തവണത്തെ വർക്ക് പെർമിറ്റിന് അപേക്ഷിച്ച യൂറോപ്പിനു പുറത്തുനിന്നുള്ളവർ പതിനയ്യായിരത്തോളമാണ്. കഴിഞ്ഞ വർഷം ആദ്യ ആറു മാസം ഇതു 10,700 ആയിരുന്നു.

ബെറി പിക്കറായി ജോലി ചെയ്യാനുള്ള അപേക്ഷകളാണ് ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത്. ഇതു മാത്രം 5000 വരും. കഴിഞ്ഞ വർഷം ആദ്യ ആറു മാസം 3000 ആയിരുന്നു. സ്പെഷലിസ്റ്റ് യോഗ്യതയുള്ളവരുടെ അപേക്ഷയിൽ കാര്യമായ വർധന കാണുന്നു. കംപ്യൂട്ടർ ജോലിക്കാരുടെയും എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ട്.

2014 മുതലാണ് ബ്ളൂകാർഡ് സംവിധാനം സ്വീഡനിൽ പ്രാബല്യത്തിലാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നിരവധി മലയാളികളും രാജ്യത്തു കുടിയേറിയിട്ടുണ്ട്.

അതുപോലെതന്നെ ഉന്നത പഠനത്തിനായും മലയാളികളായ വിദ്യാർഥികൾ സ്വീഡനിൽ എത്തുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ