ഡോണൾഡ് ട്രംപ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി
Saturday, July 14, 2018 9:19 PM IST
ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കണ്ടു. തികഞ്ഞ ആദരവോടെയാണ് ട്രംപ് രാജ്ഞിയെ സന്ദർശിക്കാൻ കൊട്ടാരത്തിൽ എത്തിയത്.

നഗരത്തിൽ ശക്തമായ പ്രതിഷേധപരിപാടികൾ നടന്നിട്ടും അതൊന്നും വകവയ്ക്കാതെയാണ് ട്രംപ് നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ടു പോയത്.

പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കണ്ടെങ്കിലും സർക്കാരിനെയും ബ്രക്സി റ്റിനേയും അതിന്‍റെ നയങ്ങളെയും ട്രംപ് പ്രസംഗങ്ങളിൽ വിമർശിച്ചിരുന്നു.

യഥാർഥ ബ്രിട്ടീഷുകാർക്ക് തന്നോട് സ്നേഹവും ബഹുമാനവും ഉണ്ടെന്നും ഇപ്പോഴത്തെ എതിർപ്പുകളും പ്രതിഷേധങ്ങളും കാര്യം ആക്കുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു. അടുത്തിടെ രാജിവച്ച വിദേശ കാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണെ പുകഴ്ത്തി സംസാരിച്ച ട്രംപ്, ഭാവിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

സ്കോട്ട്ലൻഡ് സന്ദർശിച്ച ട്രംപ്, ഗോൾഫ് യാർഡിലും പ്രതിഷേധം ഏറ്റു വാങ്ങി. തിങ്കളാഴ്ച ഹെൽസിങ്കി സന്ദർശിക്കുന്ന ട്രംപ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി കൂടിക്കാണും. തുടർന്ന് അമേരിക്കയിലേക്ക് മടങ്ങും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ