കെന്നാറ അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം ശ്രദ്ധേയമായി
Thursday, July 19, 2018 9:03 PM IST
ലണ്ടൻ: ബ്രിട്ടനിലെ സീറോ മലബാർ എപ്പാർക്കിയുടെ ആഭിമുഖ്യത്തിൽ ഗ്ലോസ്റ്ററിൽ നടന്ന അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം കെന്നാര നസ്രാണി പാരന്പര്യ പ്രഘോഷണവും പ്രൗഢ ഗംഭീരവുമായി .

മാർ ജോസഫ് സ്രാന്പിക്കലിന്‍റെ അധ്യക്ഷതയിൽ നടന്ന കെന്നാറ അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനത്തിൽ ഭാരതത്തിലെ മാർത്തോമ്മാ നസ്രാണി സമൂഹത്തിന്‍റെ സംഗീത പാരന്പര്യത്തെ പ്രതിനിധീകരിച്ചു ഫാ. ജോസഫ് പാലക്കലും ഇറാഖിലെ സുറിയാനി സംഗീത പാരന്പര്യത്തെ പ്രതിനിധീകരിച്ചു പോലുസ് ഗാജോയും അവതരിപ്പിച്ച പ്രബന്ധങ്ങളും പ്രഭാഷണങ്ങളും സമ്മേളനത്തെ അക്ഷരാർഥത്തിൽ സഭയുടെ പാരന്പര്യ സവിശേഷതകളെ ഉദ്ദീപിക്കുന്നതായി.

അന്താരാഷ്ട്ര തലത്തിൽ ക്രൈസ്തവ ആരാധനാ സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന ലാവൂസ് പ്ലീന ഫൗണ്ടേഷനെ പ്രതിനിധീകരിച്ചു വെറോണിക് നെബേൽ നടത്തിയ ഗംഭീരമായ പ്രഭാഷണവും ഏറെ ശ്രദ്ധേയമായി. ഭാരതത്തിലെ സുറിയാനി സംഗീതം ആഗോള സഭയുടെ സ്വത്താണെന്നും അത് വീണ്ടെടുത്ത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വെറോണിക് ഉദ്ബോധിപ്പിച്ചു. ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ തനതു ആരാധനാ സംഗീത പാരന്പര്യം സ്വായത്തമാക്കി വരും തലമുറയിലേക്ക് പകരുവാൻ വെറോണിക്ക് നോബേൽ തഥവസരത്തിൽ ആഹ്വാനം ചെയ്തു.

സീറോ മലബാർ സഭയുടെ ആരാധനക്രമം മലയാളത്തിലേക്ക് തർജ്ജമ ചെയ്തപ്പോൾ ഉണ്ടായ അർഥ വ്യത്യാസത്തിലേക്കു വിരൽ ചൂണ്ടുന്നതായി ഫാ. പാലക്കലിന്‍റെ സംഭാഷണം. ’റൂഹാ’ എന്ന പദത്തിന് പരിശുദ്ധ ആൽമാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങൾ പൂർണ അർഥം പ്രതിഫലിപ്പിക്കുന്നില്ല.1970 കളിൽ പ്രസിദ്ധ മലയാള സിനിമ ഗാനരചയിതാവായ വയലാർ രാമ വർമ്മ ’മകനേ നിനക്കു വേണ്ടി’ എന്ന സിനിമയ്ക്കുവേണ്ടി ’ബാവാക്കും പുത്രനും പരിശുദ്ധ റൂഹാക്കും’ എന്ന ഗാനം രചിക്കുന്പോൾ പരിശുദ്ധാൽമാവ് എന്ന പദം പ്രചുര പ്രചാരം നേടിയിരുന്നെങ്കിലും അദ്ദേഹം ’റൂഹാ’ എന്ന പദം നിലനിറുത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്. ട്യൂണിനു മാറ്റമില്ലാതെ പരിശുദ്ധാൽമാവ്, പരിശുദ്ധാരൂപി എന്നീ പദങ്ങൾ ഉപയോഗിക്കാമായിരുന്നിരിക്കെ ’റൂഹാ’ എന്ന പദം പ്രസ്തുത ഗാനത്തിൽ നിലനിറുത്തിയത് നമ്മുടെ ആരാധനാക്രമ പണ്ഡിതർക്കു ഇല്ലാതെ പോയ അദ്ദേഹത്തിന്‍റെ അവധാനതയെയും ഭാഷാവബോധത്തെയുമാണ് കാണിക്കുന്നത്.നമ്മുടെ സുറിയാനി സംഗീത പാരന്പര്യം വീണ്ടെടുക്കണമെങ്കിൽ കുടുംബ പ്രാർഥനയിൽ സുറിയാനി പദങ്ങളായ ’റൂഹാ’ ’കന്തീശ’ തുടങ്ങിയ പദങ്ങൾ കൂടുതൽ ഉപയോഗിക്കുവാനും പാടാൻ എളുപ്പമുള്ള സുറിയാനി ഗീതങ്ങൾ പരിശുദ്ധ കുർബാനയിൽ നിർബന്ധമായി ഉൾപ്പെടുത്തുകയും ചെയ്യാൻ പരിശ്രമിക്കണമെന്നും പാലക്കൽ അച്ചൻ ഉദ്ബോധിപ്പിച്ചു .

ആരാധനാ സംഗീത പാരന്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലാവൂസ് പ്ലീന ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങളെയും സീറോ മലബാർ സഭയിൽ ഫാ. പാലക്കലിന്‍റെ ക്രിയാത്മക പ്രവർത്തനങ്ങളെയും മാർ ജോസഫ് സ്രാന്പിക്കൽ മുക്തകണ്ഠം പ്രശംസിക്കുകയും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ ഇംഗ്ലണ്ടിലെ സഭയുടെ വളർച്ചക്ക് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന ’കടവിൽ ചാണ്ടി കത്തനാർ’ സുറിയാനി സംഗീതോത്സവത്തിൽ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ സുറിയാനി ഗീതങ്ങൾ ആലപിച്ചത് ആകർഷകമായി. ചെറിയ കുട്ടികളുടെ സുറിയാനി സംഗീത ആലാപനത്തിലുള്ള അതീവ താൽപര്യത്തിൽ ലാവൂസ് പ്ലീന പ്രതിനിധികൾ ഏറെ സന്തുഷ്ടരാവുകയും അഭിനന്ദിക്കുകയും ചെയ്തു. കുട്ടികളുടെ സുറിയാനി ആലാപനത്തെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ സ്രാന്പിക്കലും ഫാ. ജോസഫ് പാലക്കലും പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സീറോ മലബാർ എപ്പാർക്കിയുടെ സഭാ പഠന വിഭാഗത്തിന്‍റെ (ക്യാറ്റക്കേസിസ് ) തലവനായ ഫാ. ജോയി വയലിലിന്‍റെ നേതൃത്വത്തിൽ ഗ്ലോസ്റ്റർ സീറോ മലബാർ സമൂഹമാണ് സമ്മേളനവും സംഗീതോത്സവവും സംഘടിപ്പിച്ചത്.

മാഞ്ചസ്റ്ററും ബർമിംഹാമും കേന്ദ്രീകരിച്ച് പാലക്കൽ അച്ചന്‍റെ നേതൃത്വത്തിൽ നടത്തപ്പെട്ട റീജണൽ സുറിയാനി സംഗീത ക്ലാസും സുറിയാനി ഗാനങ്ങളുടെ ആലാപനങ്ങളും നസ്രാണി പൗരാണിക ആരാധനയെ തിരിച്ചെത്തിക്കുവാനുള്ള ശ്രമങ്ങൾക്ക് പ്രോത്സാഹനമായി. പങ്കെടുത്തവരെല്ലാം കന്തീശ തുടങ്ങിയ ഗാനങ്ങൾ വളരെ മനോഹരമായിത്തന്നെ ആലപിച്ചു.

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ ജൂലൈ 11 മുതൽ നടന്ന ലോകോത്തര സുറിയാനി സമ്മേളനത്തിന്‍റെ ആറാം കോണ്‍ഫറൻസിൽ പങ്കെടുക്കുന്നതിനും പ്രബന്ധം അവതരിപ്പിക്കുന്നതിനുമായിട്ടാണ് ഫാ.ജോസഫ് പാലക്കൽ ഇംഗ്ലണ്ടിലെത്തിയത്. അച്ചന്‍റെ സഭാപരമായ പാരന്പര്യ സംഗീത അറിവുകളും കഴിവുകളും സീറോ മലബാർ സഭക്ക് മുതൽക്കൂട്ടാക്കുന്നതിലേക്കു ഗ്രേറ്റ് ബ്രിട്ടൻ രൂപത താല്പര്യമെടുത്തു സമ്മേളനങ്ങൾ സംഘടിപ്പിക്കുകയായിരുന്നു.

റിപ്പോർട്ട് : അപ്പച്ചൻ കണ്ണഞ്ചിറ