ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പസ്തേലേറ്റ് കുടുംബസംഗം അവിസ്മരണീയമായി
Saturday, July 21, 2018 8:43 PM IST
ചങ്ങനാശേരി: പ്രവാസികൾക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനവും ക്രൈസ്തവ വിശ്വാസത്തിൽ സന്തോഷവും ഉള്ളവരാകണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. അതിരൂപത പ്രവാസി അപ്പസ്തലേറ്റിന്‍റെ മൂന്നാം വാർഷികവും പ്രവാസി കുടുംബ സംഗമവും അവാർഡുദാനവും ആർച്ച്ബിഷപ്സ് ഹൗസിലുള്ള മാർ ജെയിംസ് കാളാശേരി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെവിടെയായിരുന്നാലും സഭാംഗങ്ങളായ പ്രവാസികൾ ക്രൈസ്തവ വിശ്വാസത്തിന്‍റെ സാക്ഷികളും ഭാരസംസ്കാരത്തിന്‍റെ വക്താക്കളുമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭയുടേയും രാജ്യത്തിന്‍റേയും വളർച്ചയിൽ പ്രവാസികൾ നിർവഹിച്ച പരിശ്രമങ്ങൾ മഹത്തരമാണെന്ന് ആർച്ച് ബിഷപ് ഉദ്ബോധിപ്പിച്ചു. ഭാരതത്തിന്‍റെ സംസ്കാരങ്ങളും മൂല്യങ്ങളും പ്രവാസ ജീവിതത്തിൽ നഷ്ടപ്പെടരുതെന്നും സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിൽ ക്രൈസ്തവ സാക്ഷ്യം നൽകണമെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു. പ്രവാസി അപ്പസ്തലേറ്റ് തയാറാക്കിയ ഡയറക്ടറിയുടെ പ്രകാശനവും പ്രവാസി അപ്പസ്തലേറ്റ് ആരംഭിച്ച ആവേ മരിയ ഹോളിഡേയ്സ് എന്ന സംരംഭവും മാർ പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.

ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്ത്യയിലെ ബോസനിയ അംബാസഡർ സബിത് സുബാസിക് മുഖ്യ പ്രഭാഷണം നടത്തി. അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ജൂബിലേറിയന്മാരേയും അവാർഡ് ജേതാക്കളേയും ആദരിച്ചു. വികാരി ജനറാൾ മോണ്‍.ജോസഫ് മുണ്ടകത്തിൽ ഡയറക്ടർ ഫാ.സണ്ണി പുത്തൻപുരക്കൽ, കണ്‍വീനർ ഷെവ.സിബി വാണിയപുരക്കൽ എന്നിവർ പ്രസംഗിച്ചു.

ജോസഫ് കളരിക്കൽ (കീർത്തി പുരസ്കാരം), ഡോ.ആന്‍റണി പാറത്തോട് (വിദ്യഭ്യാസം), സനു ദേവസ്യ ചെറുപറന്പിൽ (യുവ സംരംഭകൻ), സിബി കാട്ടാന്പള്ളി (മാധ്യമം), തോമസ് ജോസഫ് തോപ്പിൽ (കർഷകൻ), തോമസ് വി. ആന്‍റണി ചക്കുങ്കൽ, ജോസ് റാപ്പുഴ, ചാർളി തോമസ് പണിക്കരേടം (പ്രേഷിത പുരസ്കാരം -ജയ്പൂർ മിഷൻ), പരേതയായ ഏലിയാമ്മ മാത്യു മനയത്തുശേരി (കാരുണ്യം) എന്നിവർക്ക് പ്രവാസി പുരസ്കാരങ്ങൾ സമ്മാനിച്ചു.

വിവാഹത്തിന്‍റെ അന്പതും ഇരുപത്തഞ്ചും വാർഷികം ആഘോഷിക്കുന്ന പ്രവാസി മാതാപിതാക്കളെയും നാലു മക്കളിൽ കൂടുതലുള്ള പ്രവാസി കുടുംബങ്ങളെയും പ്രവാസികളുടെ മക്കളിൽ 10,12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരേയും സമ്മേളനത്തിൽ ആദരിച്ചു.