മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളോട് ഡൽഹി യൂണിവേഴ്സിറ്റിയുടെ വിവേചനം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി
Saturday, August 11, 2018 7:12 PM IST
ന്യൂഡൽഹി : കേന്ദ്ര സർവകലാശാലയായ ഡൽഹി യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ പ്രക്രിയയിൽ മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളോടുള്ള വിവേചനം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് വേണ്ടി പ്രവാസി ലീഗൽ സെല്ലാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽ എത്തിച്ചിരിക്കുന്നത്.

നിലവിലുള്ള അഡ്മിഷൻ പ്രക്രിയ അനുസരിച്ച് പ്ലസ്ടുവിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച നാല് വിഷയങ്ങളുടെ ശരാശരി മാർക്ക് കണക്കാക്കിയാണ് ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളിൽ പ്രവേശനം നൽകുന്നത്. ഇതിനായി യൂണിവേഴ്സിറ്റിയുടെ പ്രോസ്പെക്ടസിൽ ഐശ്ചിക വിഷയങ്ങളുടെ ലിസ്റ്റും നൽകിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയങ്ങൾ ബെസ്റ്റ് ഫോറിനായി പരിഗണിക്കാറില്ല. വിദ്യാർഥി സംഘടനകളുടെ ഇടപെടലിനെത്തുടർന്ന് ചില കോളജുകൾ മലയാളം പോലെ ലിസ്റ്റിൽ ഇല്ലാത്ത വിഷയങ്ങൾ പരിഗണിച്ചാലും ഇതേത്തുടർന്ന് മുഴുവൻ മാർക്കിൽ നിന്നും രണ്ടര ശതമാനം കുറയ്ക്കുകയാണ് ചെയ്യുന്നത്.

വിദേശഭാഷകൾക്കും മറ്റു വിഷയങ്ങൾക്കും ഒപ്പം ലിസ്റ്റിൽ ചേർത്തിരിക്കുന്ന പ്രാദേശിക ഭാഷകൾ ബംഗാളിയും പഞ്ചാബിയും മാത്രമാണ്. പ്ലസ്റ്റുവിന് മലയാളം, തമിഴ്, ഒഡിയ തുടങ്ങിയ പ്രാദേശിക ഭാഷകൾ ഐശ്ചിക വിഷയമായി പഠിച്ച കുട്ടികൾക്ക് ഇതിന്‍റെ പേരിൽ വിവേചനം നേരിടേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉപരിപഠനത്തിനായി എത്തുന്ന വിദ്യാർഥികളാണ് ഈ വിവേചനത്തിനു കൂടുതലും ഇരയാകേണ്ടി വരുന്നത്.

കേന്ദ്ര സർവകലാശാലയായ ഡൽഹി യൂണിവേഴ്സിറ്റി എന്തുകൊണ്ട് രണ്ടു പ്രാദേശിക ഭാഷകൾ മാത്രം പ്രവേശനത്തിനുള്ള മാനദണ്ഡമായി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതിനും യൂണിവേഴ്സിറ്റി യുക്തമായ വിശദീകരണം നൽകിയിട്ടില്ല. ഭാഷയുടെ പേരിലുള്ള ഈ വിവേചനം ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറയുന്നു.

ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഇന്ത്യൻ ഭാഷകളും പ്രവേശനത്തിനായി പരിഗണിക്കണം എന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മലയാളി വിദ്യാർഥി സംഘടനകൾ ഈ വിഷയം കേരളാ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും പിണറായി വിജയൻ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കും മാനവശേഷി മന്ത്രിക്കും എഴുതുകയും ചെയ്തിരുന്നു.

യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പല മികച്ച കോളജുകളിലും മിടുക്കരായ കുട്ടികൾക്ക് അഡ്മിഷൻ നഷ്ടപ്പെടുക പലപ്പോഴും വളരെ ചെറിയ മാർക്കിനാണ്. ഉയർന്ന മാർക്ക് ലഭിക്കുന്ന മാതൃഭാഷ പരിഗണിക്കപ്പെടാത്തതിന്‍റെ പേരിൽ യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ കോളജുകളിൽ ലഭിക്കേണ്ട പ്രവേശനം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇക്കാലമത്രയും തുടർന്നു വന്നുകൊണ്ടിരിക്കുന്നത്.

പ്രാദേശിക ഭാഷകൾ യൂണിവേഴ്സിറ്റി ഐശ്ചിക വിഷയമായി പരിഗണിക്കാത്തതിന്‍റെ പേരിൽ രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്തെത്തുന്ന കുട്ടികളിൽ പലർക്കും നിരാശരായി മടങ്ങിപ്പോകേണ്ട അവസ്ഥയാണുള്ളത്. ദേശീയ മാധ്യമങ്ങളടക്കം ഈ വിഷയം പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സർവകലാശാല ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഹർജിയിൽ പരാമർശിക്കുന്നു.

ഉദ്യോഗസ്ഥരേയും സർക്കാരിനേയും പല തവണ സമീപിച്ചെങ്കിലും വർഷങ്ങളായി തുടർന്നുപോരുന്ന ഈ വിവേചനം അവസാനിപ്പിക്കാൻ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും ഒരു ശ്രമവും ഉണ്ടാവാത്ത സാഹചര്യത്തിലാണ് വിദ്യാർഥികളായ അഹ് ലാം സി.വി., അബ്ദുൽ നിയാസി സി.പി., ഇന്ദുലേഖ കെ.സി., അർജുൻ എ ജെ., മുഹമ്മദ് കെ. തുടങ്ങിയവർ വിദ്യാർഥി സംഘടനകളായ മൈത്രി, എസ്എഫ്ഐ., ജനപരിഷത്ത് എന്നിവയുടെ നേതൃത്വത്തിൽ പ്രവാസി ലീഗൽ സെല്ലിനെ സമീപിച്ചത്. ലീഗൽ സെല്ലിന്‍റെ പ്രസിഡൻറ് അഡ്വക്കേറ്റ് ജോസ് അബ്രഹാം മുഖേന സമർപ്പിച്ച ഹർജിയിൽ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേൾക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്