കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് ആശ്വാസവുമായി യുക്മ
Thursday, August 16, 2018 8:21 PM IST
ലണ്ടൻ: കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ കേരളം കണ്ട മഹാപ്രളയം മലയാള നാടിനെ ദുരിതകയത്തിൽ ആക്കിയിരിക്കുന്ന അതിഭീകരമായ വാർത്തകൾ ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുമ്പോൾ, നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ യുകെയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മ രംഗത്തുവന്നു.

ഒരു ജന്മം മുഴുവൻ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം ഒരു നിമിഷംകൊണ്ട് ഒലിച്ചുപോകുന്നത് നിസഹായതയോടെ നോക്കിനിൽക്കേണ്ടിവന്ന ആയിരക്കണക്കിനാളുകൾ, ഓണത്തിനായി കരുതിയിരുന്ന കാർഷിക വിളകൾ നശിച്ച കൃഷിക്കാർ, വളർത്തുമൃഗങ്ങൾ വെള്ളത്തിൽ ഒലിച്ചുപോകുന്നത് കണ്ടു ചങ്കുപൊട്ടി നിലവിളിക്കുന്ന വീട്ടമ്മമാർ, ഭക്ഷണവും പാനീയവുമില്ലാതെ പുരമുകളിൽ അഭയം തേടിയവർ, ജീവനുവേണ്ടി നിലവിളിക്കുന്ന കുട്ടികൾ മുതൽ രോഗകിടക്കയിൽ കഴിയുന്ന പ്രായമായവർവരെയാണ് കാലവർഷ കെടുതി മൂലം ഭീതിയോടെ കഴിയുന്നത്.

ഈ മഹാവിപത്തിൽപെട്ടവരെ സംരക്ഷിക്കുവാൻ കേരള സർക്കാരും കേന്ദ്ര സർക്കാരും ആവതു ശ്രമങ്ങൾ ചെയ്യുന്നു എന്ന ഒരാശ്വാസം മാത്രമാണ് ഇപ്പോൾ നമുക്കുള്ളത്. ഈ അവസരത്തിൽ കരുണയുള്ള, നന്മ വറ്റാത്ത ഹൃദയത്തിന്‍റെ ഉടമകളായ എല്ലാവരുടെയും മുൻപിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ കൈ നീട്ടുകയാണ് .

നിങ്ങൾ നൽകുന്ന ഓരോ പൗണ്ടിനും ഗിഫ്റ്റ് എയ്ഡ് വഴി 25 പെൻസ് അധികമായി ലഭിക്കും. കിട്ടുന്ന തുക മുഴുവനും ഗിഫ്റ്റ് എയ്ഡ് അടക്കം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനാണ് യുക്മ തീരുമാനിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ നമ്മുടെ സഹോദരങ്ങൾക്കായി ഒരു ദിവസത്തെ വരുമാനം നീക്കിവയ്ക്കാം. സംഭാവനകൾ നൽകുവാനുള്ള വിർജിൻ മണിയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.

https://uk.virginmoneygiving.com/charity-web/charity/displayCharityCampaignPage.action?charityCampaignUrl=kerala-disaster

ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് അവശ്യ വസ്തുക്കൾ സമാഹരിച്ചു നാട്ടിലെത്തിക്കുവാനും യുക്മ അടിയന്തര മുൻഗണന നൽകി പ്രവർത്തിക്കുന്നു.

റിപ്പോർട്ട് : വർഗീസ് ഡാനിയേൽ