വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ സമ്മേളനത്തിന് ഇന്ന് തിരി തെളിയും
Friday, August 17, 2018 11:04 PM IST
ബോണ്‍: ആഗോള മലയാളി കൂട്ടായ്മയുടെ ചാലകശക്തിയായ വേൾഡ് മലയാളി കൗണ്‍സിലിന്‍റെ പതിനൊന്നാമത് ഗ്ലോബൽ കോണ്‍ഫറൻസിന് ഓഗസ്റ്റ് 17 ന് (വെള്ളി) ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിൽ (Haus Venusberg, Haager Weg 28 – 30, 53127 Bonn - Venusberg) തിരി തെളിയും.

വൈകുന്നേരം ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ (ഡോ.ഇ.ജോർജ് സുദർശൻ നഗർ) കേരള വനം മന്ത്രി കെ. രാജു, ശശി തരൂർ എം പി., ഇ.ടി.മുഹമ്മദ് ബഷീർ എംപി, എം.എൻ.കൃഷ്ണമൂർത്തി(മുൻ ഡിജിപി), പി. മോഹൻരാജ് ഡിസിസി പ്രസിഡന്‍റ്, പത്തനംതിട്ട എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ ജർമനിയിലെത്തിയ വിശിഷ്ടാതിഥികളെ ഗ്ളോബൽ പ്രസിഡന്‍റ് മാത്യു ജേക്കബ്, ജനറൽ കണ്‍വീനർ ഗ്രിഗറി മേടയിൽ എന്നിവർ ചേർന്ന് ഡ്യൂസൽഡോർഫ് വിമാനത്താവളത്തിൽ സ്വീകരിച്ചു.

ആഗോള തലത്തിൽ 52 രാജ്യങ്ങളിൽ നിന്നായി 200 ൽ പരം പ്രതിനിധികൾ മൂന്നുദിന സമ്മേളനത്തിൽ പങ്കെടുക്കും. ചർച്ചകൾ, സെമിനാറുകൾ, കലാ സായാഹ്നങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറും. ബോണിൽ നടക്കുന്ന സമ്മേളനത്തിലേയ്ക്ക് യൂറോപ്പിലെ പ്രത്യേകിച്ച് ജർമനിയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടക സമിതി സ്വാഗതം ചെയ്തു.

ജർമൻ പ്രൊവിൻസ് ആതിഥേയത്വം നൽകുന്ന സമ്മേളനത്തിന്‍റെ ചുക്കാൻ പിടിക്കുന്നത് ജോസ് കുന്പിളുവേലിൽ(ചെയർമാൻ), ജോളി എം. പടയാട്ടിൽ ( പ്രസിഡന്‍റ്), മേഴ്സി തടത്തിൽ (ജനറൽ സെക്രട്ടറി), ഗ്രിഗറി മേടയിൽ (യൂറോപ്പ് റീജണ്‍ പ്രസിഡന്‍റ്) എന്നിവരാണ്.

ഡോ.പി.എ. ഇബ്രാഹിം ഹാജി (ചെയർമാൻ), മാത്യു ജേക്കബ് (പ്രസിഡന്‍റ്), ലിജു മാത്യു (സെക്രട്ടറി),തോമസ് അറന്പൻ കുടി ( ട്രഷറർ) എന്നിവരാണ് ഗ്ലോബൽ ഭാരവാഹികൾ.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ