കെനിയന്‍ പ്രസിഡന്റ് കെന്യാത്തയ്ക്കെതിരായ വിചാരണ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നീട്ടിവച്ചു
Thursday, June 20, 2013 5:45 AM IST
ദ ഹേഗ്(നെതര്‍ലാന്‍ഡ്): കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാത്തയ്ക്കെതിരായ വിചാരണ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നവംബറിലേക്ക് നീട്ടി. ജൂലൈ ഒന്‍പതിനായിരുന്നു വിചാരണ ആരംഭിക്കാനിരുന്നത്. പ്രതിഭാഗം അഭിഭാഷകര്‍ക്ക് തയാറെടുപ്പുകള്‍ നടത്താനായിട്ടാണ് വിചാരണ നീട്ടിവെച്ചത്. നവംബര്‍ 12 നായിരിക്കും വിചാരണ ആരംഭിക്കുക.

2007 ലെ തെരഞ്ഞെടുപ്പിന് ശേഷം കെന്യാത്തയുടെ അനുയായികള്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ടതാണ് കേസ്. കൊലപാതകവും നാടുകടത്തലും ബലാത്സംഗവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് കലാപത്തിനിടെ നടന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് കെന്യാത്തയുടെ വാദം. ഇതിനിടയിലാണ് ഇക്കൊല്ലം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെന്യാത്ത വിജയിച്ചത്.

ഈ മാസം ആദ്യം കെനിയന്‍ ഡെപ്യൂട്ടി പ്രസിഡന്റ് വില്യം റൂത്തോയുടെ വിചാരണയും കോടതി സെപ്റ്റംബര്‍ 10 ലേക്ക് നീട്ടി വച്ചിരുന്നു.