ദക്ഷിണാഫ്രിക്കയില്‍ തൊഴില്‍ തട്ടിപ്പിനിരയായി അറുന്നൂറോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു
Friday, September 20, 2013 3:25 AM IST
ജോഹന്നാസ്ബെര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ തൊഴില്‍ തട്ടിപ്പിനിരയായി അറുന്നൂറോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. എറണാകുളം പള്ളിമുക്കിലുള്ള ഒരു ഏജന്‍സിയാണ് ഇവരെ ജോലിക്കായി ദക്ഷിണാഫ്രിക്കയിലേക്ക് റിക്രൂട്ട് ചെയ്തത്. ജോഹന്നാസ്ബെര്‍ഗിലെ ലേബര്‍ ക്യാമ്പില്‍ ഭക്ഷണം പോലുമില്ലാതെ കഴിയുകയാണ് ഇവരെന്ന് നാട്ടിലെ ബന്ധുക്കള്‍ പറയുന്നു.

പലരും അന്‍പതിനായിരം രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ നല്‍കി പോയവരാണ്. വെല്‍ഡര്‍മാരുടെയും ഫാബ്രിക്കേറ്റര്‍മാരുടെയും വെല്‍ഡിംഗ് സൂപ്പര്‍വൈസര്‍മാരുടെയും ഒഴിവുകളിലേക്കെന്ന് പറഞ്ഞായിരുന്നു റിക്രൂട്ട്മെന്റ്. 45 ദിവസത്തെ ഷട്ട് ഡൌണ്‍ ജോലിയാണെന്ന് ചിലരോടും സ്ഥിരം ജോലിയാണെന്ന് മറ്റു ചിലരോടും പറഞ്ഞിരുന്നു. എന്നാല്‍ അവിടെയെത്തിയ ശേഷം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാത്ത ക്യാമ്പിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. പലര്‍ക്കും പനിയും ചിക്കന്‍പോക്സുമാണ്. മതിയായ ചികിത്സ പോലും നല്‍കുന്നില്ല. 45 ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് തിരിച്ചുവിടാമെന്നും 15 ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്നുമാണ് ഇപ്പോള്‍ ഇവരോട് പറയുന്നത്. നാല് ദിവസമായി ആഹാരം പോലും കഴിക്കാത്തവര്‍ ഒപ്പമുണ്ടെന്ന് ഇവര്‍ പറയുന്നു. ഒന്നേകാല്‍ ലക്ഷം രൂപയായിരുന്നു പലര്‍ക്കും ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്.

അതേസമയം ദക്ഷിണാഫ്രിക്കയിലെ അംബാസഡറോട് ഇക്കാര്യം പരിശോധിക്കാന്‍ ഉടന്‍ ആവശ്യപ്പെടുമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. എത്രയും വേഗം പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏജന്റുമാരുടെ വാചകമേളയില്‍ വീണുപോകുന്നവര്‍ക്ക് ഉണ്ടാകുന്ന സ്ഥിതിയാണിതെന്നും മന്ത്രി പറഞ്ഞു.