വിയന്ന സെന്റ് ബേസില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവവാര ശുശ്രൂഷകള്‍ നടത്തി
Thursday, April 24, 2014 8:08 AM IST
വിയന്ന: സെന്റ് ബേസില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവവാരം വിപുലമായി ആഘോഷിച്ചു.

ഏപ്രില്‍ 13 രാവിലെ 11.45ന് പ്രഭാത നമസ്കാരത്തോട് കൂടി ആരംഭിച്ച ശുശ്രൂഷകള്‍ പ്രദക്ഷിണം, കുരുത്തോല വാഴ്ത്തല്‍, കുരുത്തോല വിതരണം, വി. കുര്‍ബാന, ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രദമന്‍ ബാവയ്ക്ക് വേണ്ടിയുള്ള അനുസ്മരണ ശുശ്രൂഷയും തുടര്‍ന്ന് അനുഗ്രഹ പ്രഭാഷണം, ആശീര്‍വാദം എന്നിവയോടെ സമാപിച്ചു. ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഡോ. ബിജി ചിറത്തിലാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.

17നു രാവിലെ ഒമ്പതു മുതല്‍ കുമ്പസാരവും തുടര്‍ന്ന് പെസഹായുടെ ശുശ്രൂഷയും പെസഹാ കുര്‍ബാനയും അപ്പം മുറിക്കലും ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.

18ന് രാവിലെ ഒമ്പതു മുതല്‍ ദുഃഖവെള്ളിയാഴ്ച്ചയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. പ്രഭാത നമസ്കാരം, സ്ളീബാ ആഘോഷം, കബറടക്ക ശുശ്രൂഷ തുടങ്ങിയ ആചാര അനുഷ്ഠാനങ്ങള്‍ക്കുശേഷം കയ്പ് നീര് നല്‍കി മൂന്നോടെ പ്രാര്‍ഥനകള്‍ അവസാനിച്ചു.

20ന് (ഞായര്‍) രാവിലെ 12.30ന് ഈസ്റര്‍ ശുശ്രൂഷകള്‍ ആരംഭിച്ചു. ഉയിര്‍പ്പു പെരുന്നാളിന്റെ ശുശ്രൂഷകളും വി.കുര്‍ബാനയും, സ്ളീബാ ആഘോഷം, അനുഗ്രഹ പ്രഭാഷണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെ ഈ വര്‍ഷത്തെ പീഡാനുഭവവാര ആഘോഷങ്ങള്‍ സമാപിച്ചു.

പെസഹാ ആഘോഷം മുതല്‍ ഈസ്റ്റര്‍ വരെയുള്ള പ്രാര്‍ഥനകള്‍ക്ക് ഗബ്രീല്‍ കളപ്പുരയ്ക്കല്‍ റമ്പാച്ചന്‍ മുഖ്യ കാര്‍മികത്വം നല്‍കി. ആകമാന സുറിയാനി സഭയുടെ പരമ അധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നത്തിയോസ് സഖ പ്രദമന്‍ ബാവയ്ക്ക് വേണ്ടിയുള്ള അനുസ്മരണ ശുശ്രൂഷയും ഇതോടൊപ്പം റമ്പാച്ചന്‍ അര്‍പ്പിച്ചു.

പീഡാനുഭവവാര ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി.കുര്‍ബാനയിലും സകുടംബം സംബന്ധിച്ച മുഴുവന്‍ വിശ്വാസികള്‍ക്കും ഇടവകയ്ക്കുവേണ്ടി വികാരി ഡോ. ബിജി ചിറത്തിലാട്ടും ഭരണ സമിതിക്കു വേണ്ടി തമ്പി ഇയ്യത്തുകളത്തിലും നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍