രാജ്യത്തെ ആദ്യത്തെ മണ്ണണ്ണ വിമുക്ത സംസ്ഥാനമായി ഡല്‍ഹി
Wednesday, June 18, 2014 4:41 AM IST
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ മണ്ണണ്ണ വിമുക്ത സംസ്ഥാനമായി മാറിയിരിക്കുകയാണ് ന്യൂഡല്‍ഹി. ഡല്‍ഹി ഗവണ്‍മെന്റ് കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ മണ്ണണ്ണ വിമുക്തമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മണ്ണണ്ണ വിമുക്തമാക്കുന്നതിനു 2012ല്‍ ആരംഭിച്ച പദ്ധതി ഈ വര്‍ഷമാണ് പൂര്‍ണതയിലെത്തിയതെന്നു ഫുഡ് സപ്ളേ കമ്മീഷണര്‍ എസ്.എസ്. യാദവ് പറഞ്ഞു. സംസ്ഥാനത്തെ മണ്ണണ്ണ വിമുക്തമാക്കിയതോടെ സബ്സിഡി ഇനത്തില്‍ നല്‍കിയിരുന്ന 200 കോടി രൂപ ഒരോ വര്‍ഷവും ലാഭമാകുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മൂന്ന് പ്രമുഖ ഇന്ധന വിതരണ കമ്പനികളുടെയും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഡല്‍ഹി ഗവണ്‍മെന്റ് പദ്ധതി നടപ്പിലാക്കിയത്. 53,000 കിലോ ലിറ്റര്‍ മണ്ണണ്ണയാണ് കേന്ദ്രവിഹിതമായി ഡല്‍ഹിക്കു ലഭിച്ചിരുന്നത്. ദാരിദ്ര രേഖക്കു താഴെ ജീവിക്കുന്നവരായിരുന്നു മണ്ണണ്ണ കൂടുതലായി ഉപയോഗിച്ചിരുന്നത്. പാചകത്തിനാണ് മണ്ണണ്ണ മുഖ്യമായും ഉപയോഗിക്കുന്നത്. മണ്ണണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനു അര്‍ഹരായവര്‍ക്ക് പാചകവാതകം അടുപ്പ് ഉള്‍പ്പടെ സൌജന്യനിരക്കില്‍ വിതരണം ചെയ്താണ് മണ്ണണ്ണയുടെ ഉപയോഗം ഇല്ലാതാക്കിയത്.

മണ്ണണ്ണ ഉപയോഗം കുറഞ്ഞതോടെ അന്തരീക്ഷ മലനീകരണത്തില്‍ കുറവ് വന്നതായി അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് മണ്ണണ്ണ ഉപയോഗിക്കുന്നതും വില്‍പന നടത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.