നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിന മഹോത്സവം ജൂലൈ 10ന്
Monday, July 7, 2014 7:52 AM IST
ന്യൂഡല്‍ഹി നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 10ന് (വ്യാഴം) ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ നിര്‍ദ്ദേശപ്രകാരം വെങ്കിടേശ്വരന്‍ പോറ്റിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. ക്ഷേത്ര മേല്‍ശാന്തി അനില്‍ നമ്പൂതിരിയും മുരളി നമ്പൂതിരിയും പരികര്‍മികളാകും.

രാവിലെ 5:30നു മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ചു വിശേഷാല്‍ പൂജകളും നവകം, പഞ്ചഗവ്യം തുടങ്ങിയവയും രാവിലെ ലഘു ഭക്ഷണവും ഉച്ചക്ക് അന്നദാനവും ഉണ്ടാവും. വൈകുന്നേരം ഭഗവതി സേവയും ചുറ്റുവിളക്കും മഹാ ദീപാരാധനയും നടക്കും.

വര്‍ഷം തോറും പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടത്തിവരാറുള്ള സുദര്‍ശന ഹോമവും മൃത്യുഞ്ജയ ഹോമവും ലക്ഷാര്‍ച്ചനയും ഒക്ടോബറില്‍ നടത്തുന്നതാണന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. രാത്രി ഒമ്പതിന് പ്രസാദ വിതരണത്തോടെ ഉത്സവ ചടങ്ങുകള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി