കൂട്ടായ്മയുടെ കരുത്തില്‍ ബാംഗളൂര്‍ കേരള സമാജം
Thursday, July 24, 2014 7:46 AM IST
ബാംഗളൂര്‍: ഉദ്യാനനഗരിയില്‍ ഇന്നു മലയാളികളുടെ സാന്നിദ്ധ്യം സമസ്തമേഖലകളിലുമുണ്ട്. സംസ്ഥാന ഭരണസിരാകേന്ദ്രം മുതല്‍ എല്ലാ തെരുവുകളിലും മലയാളികളും അവരുടെ സംരംഭങ്ങളുമുണ്ട്. പല പ്രദേശങ്ങളും കേരളക്കാര്‍ കൈയടക്കിയിട്ടുമുണ്ട്. എന്നാല്‍ 75 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ജോലിക്കും പഠനത്തിനുമായി ബാംഗളൂരിലെത്തുന്ന മലയാളികള്‍ക്ക് ഏറെ ദുരിതങ്ങള്‍ പേറേണ്ടതായിട്ടുണ്ടായിരുന്നു. ഒരുപാടു കഷ്ടപ്പാടുകള്‍ സഹിച്ചു ജീവിച്ചിരുന്ന ബാംഗളൂരിലെ മലയാളികളെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കാന്‍ 1938ല്‍ സ്ഥാപിതമായതാണ് ബാംഗളൂര്‍ കേരള സമാജം. അന്ന് ഒരു ഓണക്കാലത്ത് ജസ്റ്റീസ് കുഞ്ഞിരാമന്‍ നായരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് കേരളസമാജം പ്രവര്‍ത്തനം തുടങ്ങിയത്. അള്‍സൂര്‍ 22 കാര്‍ സ്ട്രീറ്റിലെ അങ്കമ്മാള്‍ സത്രത്തിനു സമീപത്തെ ചെറിയൊരു മുറിയിലായിരുന്നു ആ യോഗം. ബാംഗളൂരിലെത്തുന്ന മലയാളികളെ സഹായിക്കാനുള്ള നിരവധി കര്‍മപരിപാടികള്‍ ആ യോഗം ചര്‍ച്ചചെയ്തു.

ജോലിക്കും പഠനത്തിനുമായി എത്തുന്നവരില്‍ ആവശ്യമായവര്‍ക്കു താമസസൌകര്യവും ഭക്ഷണവും ഒരുരുക്കിക്കൊടുക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നു യോഗം വിലയിരുത്തി. അങ്ങനെ പെട്ടെന്നുതന്നെ അനേകര്‍ക്ക് ആശ്രയകേന്ദ്രമായി കേരളസമാജം മാറി. പഠനത്തിനെത്തിയവരാണു കൂടുതലായും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. അവരെല്ലാം ജോലി കിട്ടിയപ്പോള്‍ പണം തിരിച്ചടച്ചു സമാജത്തെ സഹായിച്ചു.

ഇപ്പോള്‍ വര്‍ഷങ്ങള്‍ 75 കഴിഞ്ഞിരിക്കുന്നു. ബാംഗളൂര്‍ കേരളസമാജം പ്ളാറ്റിനം ജൂബിലിയുടെ നിറവിലാണ്. അള്‍സൂരില്‍ തുടങ്ങിയ കേരളസമാജം ഇന്ന് അവിടെ മാത്രമല്ല, മല്ലേശ്വരം, പീനിയ, കന്റോണ്‍മെന്റ്, ഈസ്റ്റ്, കൃഷ്ണരാജപുരം, ബാംഗളൂര്‍ സിറ്റി, വൈറ്റ്ഫീല്‍ഡ്, രാജാജി നഗര്‍ എന്നീ ഒമ്പതു സോണുകളിലായാണു പ്രവര്‍ത്തിക്കുന്നത്. സമാജത്തിനു കീഴില്‍ രൂപീകരിച്ച കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റിന് 11 വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അഞ്ചു കാമ്പസുകളിലായാണ് ഈ സ്ഥാപനങ്ങള്‍.

ബാംഗളൂരിലെ ആദ്യകാല മലയാളികളിലെ ജോലിക്കാരേറെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ സര്‍വേ ഓഫ് ഇന്ത്യ, ആര്‍മിയുടെ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് ആന്‍ഡ് സെന്റര്‍, ആര്‍മി സപ്ളൈ കോര്‍, കമാന്‍ഡ് വര്‍ക്ക്ഷോപ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരായിരുന്നു. അള്‍സൂരിലും പരിസരപ്രദേശങ്ങളിമായിരുന്നു ഇവരില്‍ കൂടുതല്‍ പേരും താമസിച്ചിരുന്നത്. അതാണ് കേരളസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അള്‍സൂരില്‍ തുടങ്ങാന്‍ കാരണമായതും. തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ ഇവര്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇതാണ് 1952ല്‍ അള്‍സൂര്‍ 22 കാര്‍ സ്ട്രീറ്റില്‍ കുടിപ്പള്ളിക്കൂടം തുടങ്ങാന്‍ പ്രേരണയായത്.

നാലുവര്‍ഷംകൊണ്ട് ഈ കുടിപ്പള്ളിക്കൂടം കൈരളി നികേതന്‍ പ്രൈമറി എയ്ഡഡ് സ്കൂളായി മാറി. 1963ല്‍ ഹൈസ്കൂളായി മാറുകയും ഇന്ദിരാനഗറിലേക്ക് ആസ്ഥാനം മാറുകയും ചെയ്തു. അങ്ങിനെയാണ് കേരളസമാജത്തിന്റേയും ആസ്ഥാനം ഇന്ദിരാനഗറായത്. പിന്നീട് 1966ല്‍ കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ് രൂപീകരിച്ചു. അഞ്ചു ഹൈസ്കൂളുകളും മൂന്നു വീതം ഡിഗ്രി കോളജുകളും ജൂണിയര്‍ കോളജുകളുമാണ് ഇന്നു ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

ബാഗളൂരില്‍ ഇന്ന് മലയാളിസംഘടനകള്‍ നിരവധിയാണ്. എന്നാല്‍ ഇവയുടെയെല്ലാം ഇടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കേരളസമാജമാണ്. 1952ല്‍ കേരളസമാജം, കൈരളി കലാസമിതി, ദൂരവാണിനഗര്‍ കേരളസമാജം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. പുട്ടണ്ണ ചെട്ടി ടൌണ്‍ഹാളിലായിരുന്നു ആ ഓണാഘോഷം. ഇന്ന് ഓണക്കാലമായാല്‍ കേരളത്തിലേക്കാള്‍ കേമമായ ഓണാഘോഷം നടക്കുന്നത് ബാംഗളൂരിലാണ്. വിവിധ സമാജങ്ങള്‍ മത്സരിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതു മാസങ്ങളോളമുണ്ടാകും. കൂടാതെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന യുവജനോത്സവങ്ങളും സമാജത്തിന്റെ അഭിമാനകരമായ നേട്ടമാണ്.

1958ല്‍ കന്റോണ്‍മെന്റിലെ കൈരളി സമാജവും സിറ്റി മലയാളി സമാജവും കേരളസമാജത്തില്‍ ലയിച്ചതോടെയാണ് പ്രവര്‍ത്തനമേഖല വിപുലീകരിച്ചത്. ഓരോ കാലഘട്ടത്തിനും യോജിച്ച വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അതതുകാലത്തെ നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചതാണ് കേരളസമാജത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചത്. മലയാളപഠനത്തില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സൌജന്യ സിവില്‍ സര്‍വീസ് പരിശീലനത്തിലെത്തിയിട്ടുണ്ട്. 2011ലാണ് കേരളസമാജം ഐഎഎസ് അക്കാദമി ആരംഭിച്ചത്. വിശാഖപട്ടണത്തെ ഡല്‍ഹി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കോംപറ്റീഷന്റെ സഹകരണത്തോടെയാണ് പരിശീലനപദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം ഇവിടെനിന്നും പരിശീലനം നേടിയ പത്തുപേര്‍ക്കണ് ഐഎഎസ് സെലക്ഷന്‍ കിട്ടിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം രണ്ടുപേര്‍ക്കു സെലക്ഷന്‍ കിട്ടിയിരുന്നു. 18 മാസത്തെ കോഴ്സില്‍ ഇപ്പോള്‍ 80 പേര്‍ പരിശീലനം നേടുന്നുണ്െടന്ന് കേരളസമാജം സെക്രട്ടറി റെജികുമാര്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ സംരംഭമായ മലയാളം മിഷന്റെ ബാംഗളൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് കേരളസമാജമാണ്. 27 കേന്ദ്രങ്ങളിലായി അഞ്ഞൂറില്‍പ്പരം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പരിശീലനം ലഭിച്ച അമ്പതോളം അധ്യാപകര്‍ ഈ കേന്ദ്രങ്ങളില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. 2012 ല്‍ തുടങ്ങിയ ഈ പദ്ധതി നൂറു കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കാനാണു സമാജം ലക്ഷ്യമിടുന്നത്. സമാജം യുവജനവിഭാഗത്തിന്റെ നേതൃത്വത്തില്‍ കെഎന്‍ഇ കാമ്പസില്‍ രണ്ടുവര്‍ഷമായി തൊഴില്‍മേള സംഘടിപ്പിക്കുന്നുണ്ട്. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന ഈ തൊഴില്‍മേളയില്‍ ധാരാളം പേര്‍ക്കു മികച്ച ജോലിയും ലഭിക്കുന്നുണ്ട.്

സേവനരംഗത്തു സമാജത്തിന്റെ 75 വര്‍ക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അപകടങ്ങളിലും ദുരിതങ്ങളിലും പെടുന്ന മലയാളികള്‍ ആദ്യം മുട്ടുന്ന വാതില്‍ കേരളസമാജത്തിന്റേതാണ്. ബാംഗളൂരില്‍ മലയാളികള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സമാജത്തിന്റെ ആംബുലന്‍സ് സര്‍വീസ് ഉപകരിക്കുന്നു.

ഇപ്പോള്‍ ബാംഗളൂര്‍ കേരളസമാജത്തിന്റെ പ്രസിഡന്റ് സി.പി. രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി റെജികുമാറുമാണ്. കെഎന്‍ഇ ട്രസ്റിന്റെ പ്രസിഡന്റ് ഡോ. കെ.സി സാമുവലും സെക്രട്ടറി സുധാകരന്‍ രാമന്തളിയുമാണ്.