ഒഐസിസി ന്യൂസിന് ഓസ്ട്രേലിയന്‍ പോലീസിന്റെ അംഗീകാരം
Monday, July 28, 2014 6:46 AM IST
ഓസ്ട്രേലിയ: ഓസ്ട്രേലിയന്‍ പോലീസിന്റെ കീഴിലുള്ള ക്രൈം സ്റോപ്പേഴ്സിന്റെ ഈ വര്‍ഷത്തെ അംഗീകാരത്തിന് ഒഐസിസി ന്യൂസ് അര്‍ഹമായി.

ക്രൈം സ്റോപ്പേഴ്സിന്റെ പത്താമത് വാര്‍മിക ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ഒഐസിസി ന്യൂസിന് അംഗീകാരം നേടാനായത്.

ഒഐസിസി ന്യൂസ് എഡിറ്റര്‍ ജോര്‍ജ് തോമസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോജി ജോണ്‍, ലിബറല്‍ പാര്‍ട്ടി നേതാവും മലയാളിയുമായ പ്രസാദ് ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങില്‍ വിവിധ ഭാഷക്കാരായ ധാരാളം മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങിനെത്തിയിരുന്നു. ചടങ്ങില്‍ വിക്ടോറിയ പോലീസ് കമ്മീഷണര്‍, അസി. പോലീസ് കമ്മീഷണര്‍, ക്രൈം സ്റോപ്പേഴ്സ് സിഇഒ, ആഭ്യന്തര മന്ത്രി, ടിവി ന്യൂസ് അവതാരകന്‍ പീറ്റര്‍ ഹിസ്ക്കര്‍ എന്നിവര്‍ പങ്കെടുത്തു.

ഓസ്ട്രേലിയന്‍ മലയാളികള്‍ക്കിടയിലെ ഏക മലയാളി പത്രമായ ഒഐസിസി ന്യൂസ് മാറിയതില്‍ അഡ്വൈസറി ബോര്‍ഡ് സന്തോഷം പ്രകടിപ്പിച്ചു. 2010 ഡിസംബറില്‍ ആരംഭം കുറിച്ച പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ജോസ് എം. ജോര്‍ജ് ആണ്. ക്രൈം സ്റോപ്പേഴ്സിന്റെ ഈ അവാര്‍ഡ് മുഴുവന്‍ വായനക്കാര്‍ക്കും സമര്‍പ്പിക്കുന്നതായി ചീഫ് എഡിറ്റര്‍ അറിയിച്ചു.