ഹോളിഡേ വീഡിയോ: ഷ്വെയ്ന്‍സ്റ്റെയ്ഗര്‍ മാപ്പു പറഞ്ഞു
Tuesday, July 29, 2014 8:12 AM IST
ബര്‍ലിന്‍: ജര്‍മന്‍ ലോകകപ്പ് താരം ബാസ്റ്യന്‍ ഷ്വെയ്ന്‍സ്റെയ്ഗര്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ ക്ളിപ്പിനെക്കുറിച്ച് മാപ്പപേക്ഷ നടത്തി. ബയേണ്‍ മ്യൂണിക്ക് ക്ളബിന്റെ താരമായ ഷ്വെയ്ന്‍സ്റെയ്ഗര്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്‍ഡ് ക്ളബിനെതിരായ മുദ്രാവാക്യം വിളിച്ചു നേതൃത്വം നല്‍കുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

ഫിലിപ്പ് ലാം വിരമിച്ച ഒഴിവില്‍ ജര്‍മനിയുടെ അടുത്ത ക്യാപ്റ്റനാകുമെന്നു കരുതപ്പെടുന്ന താരമാണ് ഷ്വെയ്ന്‍സ്റെയ്ഗര്‍. അദ്ദേഹം ബൊറൂസിയ താരങ്ങളെയും ആരാധകരെയും പരിഹസിക്കുന്ന ദൃശ്യങ്ങള്‍ രാജ്യത്ത് വിവാദമായിരുന്നു.

ഷ്വെയ്ന്‍സ്റെയ്ഗര്‍ ക്രൊയേഷ്യയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍ പകര്‍ത്തിയതാണ് അത്ര വ്യക്തമല്ലാത്ത ഈ വിഡിയോ എന്നാണ് കരുതുന്നത്. ഏകദേശം 200,00 പേര്‍ ഇത് വീക്ഷിച്ചു കഴിഞ്ഞു.

മദ്യലഹരിയിലാകാം ഷ്വെയ്ന്‍സ്റീഗര്‍ സ്വന്തം ആരാധകര്‍ക്കൊപ്പം ഈ രീതിയില്‍ മുദ്രാവാക്യം മുഴക്കിയതെന്നും കാര്യമാക്കുന്നില്ലെന്നും ബോറൂസിയ അധികൃതരുടെ പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍