ഡിഎംഎയുടെ പൂക്കള മത്സരം ഓഗസ്റ് 31ന്
Thursday, July 31, 2014 8:48 AM IST
ന്യൂഡല്‍ഹി: പൊയ്പോയ മാവേലി നാടിന്റെ സ്മരണകളുമായി സ്നേഹത്തിന്റെയും സൌഹാര്‍ദത്തിന്റെയും പൂവിളികളുമായെത്തുന്ന തിരുവോണത്തെ വരവേല്‍ക്കാനായി ഡല്‍ഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി മലയാളികള്‍ക്കായി ഏഴാമത് പൂക്കള മത്സരത്തിനു വേദിയൊരുങ്ങുന്നു.

ഓഗസ്റ് 31 ന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 12 വരെയായി മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മത്സരം ഡിഎംഎയുടെ കേന്ദ്രകമ്മിറ്റി ഓഫീസായ ആര്‍.കെ.പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ് അരങ്ങേറുക.

ആദ്യം രജിസ്റ്റെര്‍ ചെയ്യുന്ന 25 ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. അത്തപ്പൂക്കളത്തിന്റെ തനിമ കാത്തു സൂക്ഷിക്കുന്ന മത്സരത്തിലെ ഒരു ടീമില്‍ ലീഡര്‍ ഉള്‍പ്പെടെ ആറു പേര്‍ ഉണ്ടായിരിക്കണം. രജിസ്റ്റെര്‍ ചെയ്യുവാനുള്ള അവസാന തീയതി ഓഗസ്റ് 20 ആണ്.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് കാഷ് പ്രൈസും ഡിഎംഎ മൊമെന്റോയും (ങലാലിീ) അനുകൂല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു കാഷ് പ്രൈസും ഡിഎംഎ മൊമെന്റോയും (ങലാലിീ) സമ്മാനമായി ലഭിക്കും. മൂന്നു പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ പങ്കെടുക്കുന്ന മറ്റു ടീമുകള്‍ക്ക് 1000 രൂപ വീതവും ലഭിക്കും. സമ്മാനങ്ങള്‍ സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) വൈകുന്നേരം ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിനടുത്തുള്ള വെയിറ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഡിഎംഎയുടെ ഓണാഘോഷ പരിപാടികളില്‍ വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡിഎംഎ പൂക്കള മത്സരം കണ്‍വീനര്‍ എ. മുരളീധരനുമായി 9868123162 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി