ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശോഭാ യാത്ര
Wednesday, August 6, 2014 8:01 AM IST
ന്യൂഡല്‍ഹി: വീര അഭിമന്യു ആന്‍ഡ് ശ്രീ ശങ്കര ബാലഗോകുലം എന്നിവയുടെ ആഭിമുഖ്യത്തില്‍ ദില്‍ഷാദ് ഗാര്‍ഡന്‍, ദില്‍ഷാദ് കോളനി, ജിടിബി, ഡിഎല്‍എഫ് എന്നിവിടങ്ങളിലെ ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ബാലഗോകുലം, നവോദയം, മാതൃശക്തി, വിവേക യുവജാഗ്രത എന്നീ സഹോദര സംഘടനകള്‍ സംയുക്തമായി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ് 17 ന് (ഞായര്‍) മഹാശോഭായാത്ര സംഘടിപ്പിക്കുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് വിളംബര ഘോഷയാത്രയോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം നാലിന് ദില്‍ഷാദ് കോളനി എബിഡിഇ ബ്ളോക്ക് അയ്യപ്പ പൂജാ പാര്‍ക്കില്‍ നിന്ന് താളമേളങ്ങളുടെയും നാമഘോഷങ്ങളോടെയും വ്രതശുദ്ധിയോടെ കിരീടവും ഓടക്കുഴലുമെന്തിയ ശ്രീകൃഷ്ണന്റെയും രാധയുടേയും വേഷങ്ങള്‍ ധരിച്ച കുട്ടികളുടെയും കൈകളില്‍ താലങ്ങളുമേന്തി കേരളീയ ശൈലിയില്‍ ശുഭ്ര വസ്ത്രം ധരിച്ചെത്തുന്ന വനിതകളുടെയും അകമ്പടിയോടെ പ്രത്യേകം തയാറാക്കി അലങ്കരിച്ച രഥത്തില്‍ ശ്രീകൃഷ്ണന്റെ വിഗ്രഹം, ശ്രീനാരായണഗുരു മന്ദിരം, എന്‍.പോക്കറ്റ് ഹനുമാന്‍ മന്ദിര്‍, ഐ. പോക്കറ്റ്, ഡി.പോക്കറ്റ് എന്നിവകളിലൂടെ സഞ്ചരിച്ച് ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചേരും. 6.45ന് മഹാദീപാരാധന, ഏഴിന് പ്രസാദ വിതരണവവും 7.30ന് ഉറിയടിയും തുടര്‍ന്ന് 8.30ന് ലഘു ഭക്ഷണവും ഉണ്ടായിരിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ് 10ന് രാവിലെ എട്ടിന് പതാക ഉയര്‍ത്തല്‍, ഗോപൂജ എന്നിവയും രാവിലെ 5.30 മുതല്‍ ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പ ക്ഷേത്രത്തില്‍ സമ്പൂര്‍ണ രാമായണ പാരായണവും നടത്തും.

പരിപാടികള്‍ക്ക് ശ്രീകൃഷ്ണജയന്തി ഉത്സവ കമ്മിറ്റി മാര്‍ഗദര്‍ശക് ലക്ഷ്മി നാരായണ്‍ മിശ്ര, പ്രസിഡന്റ് ടി.ആര്‍.ജി. പിള്ള, വൈസ് പ്രസിഡന്റുമാരായ സത്യാനന്ദന്‍, വിജയന്‍ ഗ്രാമഭവന്‍, സെക്രട്ടറി മനോജ് കുമാര്‍ പി.വി., ജോയിന്റ് സെക്രട്ടറിമാര്‍ രമേഷ് കുമാര്‍, അജി കുമാര്‍, ട്രഷറര്‍ വീര അഭിമന്യു ആന്‍ഡ് ശ്രീ ശങ്കര ബാലഗോകുലം രക്ഷാകര്‍ത്താ സമിതി പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് യു. രാധാകൃഷ്ണന്‍, സെക്രട്ടറി രാമചന്ദ്രന്‍ ഇ.വി., ജോയിന്റ് സെക്രട്ടറി സന്ദീപ് നമ്പ്യാര്‍, ട്രഷറര്‍ പ്രേമ രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി