പ്രവാസി മലയാളി ഫെഡറേഷന്‍ പ്രഥമ വാര്‍ഷിക സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, August 13, 2014 6:38 AM IST
കോട്ടയം: ലോകത്തിന്റെ അഞ്ച് വന്‍കരകളായി കേരളത്തില്‍ നിന്ന് കുടിയേറി പാര്‍ക്കുന്ന പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രഥമ വാര്‍ഷിക സമ്മേളനം ഓഗസ്റ് 14 മുതല്‍ 17 വരെ കോട്ടയത്തുവച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.

14ന് (വ്യാഴം) രാവിലെ 10 ന് കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ ചരിത്രപ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ഭായി തമ്പുരാട്ടി ചരിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 11ന് നടക്കുന്ന പൊതുസമ്മേളനം ധനമന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുഗ്രഹ സന്ദേശം നല്‍കും. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപോലീത്താ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രവാസി കാര്യ-സാംസ്കാരിക മന്ത്രി കെ.സി ജോസഫ് മുഖ്യാതിഥിയായും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുക്കും.

15ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ പ്രവാസികളോടുള്ള സമീപനം എന്ന വിഷയത്തില്‍ മാധ്യമ സംവാദം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തോമസ് ജേക്കബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍, മംഗളം മാനേജിംഗ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, ബഹ്റിന്‍ ഡെയ്ലി ട്രിബ്യൂണ്‍ ചീഫ് എഡിറ്റര്‍ സോമന്‍ ബേബി, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ടി.സി മാത്യു, മംഗളം സിഇഒ ആര്‍. അജിത് കുമാര്‍, മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റര്‍ ടി.കെ രാജഗോപാല്‍, പി.പി ചെറിയാന്‍ (ഫ്രീ ലാന്‍സ് റിപ്പോര്‍ട്ടര്‍, യുഎസ്എ), ബസേലിയോസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍ മാത്യു, മാധ്യമം ന്യൂസ് എഡിറ്റര്‍ സി.എ.എ. കരിം, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.റ്റി ചാക്കോ, ശാന്തിഗിരി കമ്യൂണിക്കേഷന്‍ അസോസിയേറ്റ് എഡിറ്റര്‍ ടി. ശശിമോഹന്‍, കോരള കൌമദി സ്പെഷല്‍ കറസ്പോണ്ട്സ് വി. ജയകുമാര്‍, വീക്ഷണം ബ്യൂറോ ചീഫ് സോമി സേവ്യര്‍, കോട്ടയം പ്രസ് ക്ളബ് പ്രസിഡന്റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു, ജോര്‍ജ് കൊറ്റകത്തില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രവാസി മലയാളി ഫെഡറേഷന്റെ വിവിധ ചാപ്റ്ററുകളിലെ പത്തോളം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും സംബന്ധിക്കും.

16 ന് (ശനി) രാവിലെ 10ന് 'കേരളാ ചരിത്രത്തിന്റെ നാള്‍വഴികള്‍' ചരിത്രപഠന കോണ്‍ഫറന്‍സ് കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും.

17ന് (ഞായര്‍) രാവിലെ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിനിധി സമ്മേളനം നടക്കും. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എം മാണിയെ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരിക്കും.

കോട്ടയം പ്രസ്ക്ളബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബസേലിയോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജേക്കബ് കുര്യന്‍ ഓണാട്ട്, പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ബേബി എലക്കാട്, ട്രാവന്‍കൂര്‍ മലയാളി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ് ഇടിക്കുള, കേരളചരിത്ര പഠനസംഗമം കണ്‍വീനര്‍ പ്രഫ. വിപിന്‍ കെ. വര്‍ഗീസ്, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ട്രഷറര്‍ പി.പി. ചെറിയാന്‍, ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ജോര്‍ജിയ യൂണിറ്റ് പ്രസിഡന്റ് ജോണ്‍സണ്‍ ചെറിയാന്‍, ഗ്ളോബല്‍ ജോ.സെക്രട്ടറി മനോജ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.