നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന കൌണ്‍സില്‍ സീനായ് മാര്‍ത്തോമ സെന്ററില്‍ സമ്മേളിച്ചു
Thursday, August 14, 2014 6:29 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ കൌണ്‍സില്‍ യോഗം ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പായുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡിലുളള സീനായ് മാര്‍ത്തോമ സെന്ററില്‍ സമ്മേളിച്ചു.

ഒക്ടോബറില്‍ ഡിട്രോയിറ്റ് മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ 60 വയസിനു മുകളില്‍ പ്രായമുളള അംഗങ്ങളുടെ ത്രിദിന സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചു. 2015 ജൂലൈയില്‍ ഭദ്രാസന കുടുംബ സമ്മേളനം ക്രമീകരിക്കുന്നതിന് നോര്‍ത്ത് ഈസ്റ്റ് റീജിയനിലുളള ഇടവകകളെ ചുമതലപ്പെടുത്തി.

ജൂണില്‍ മുതല്‍ ഭദ്രാസനത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന ഒമ്പതോളം കോണ്‍ഫറന്‍സുകള്‍ക്ക് ആതിഥേയത്വം വഹിച്ച ഇടവകകളെ അഭിനന്ദിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധങ്ങളും കെടുതികളും മൂലം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവഹാനിയിലും അസമാധാനത്തിലും മനുഷ്യര്‍ക്ക് മോചനം ഉണ്ടാകുവാനും പാശ്ചാത്യ ആഫ്രിക്കയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന എബോള രോഗത്തില്‍ നിന്ന് വിടുതല്‍ ഉണ്ടാകുവാനും എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് ഭദ്രാസന ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ അഭ്യര്‍ഥിച്ചതായി ഭദ്രാസന സെക്രട്ടറി ബിനോയ് ജെ. തോമസ് അച്ചന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം