പി.സി വിഷ്ണുനാഥ് എംഎല്‍എക്ക് പമ്പയും ഫൊക്കാനയും ചേര്‍ന്ന് സ്വീകരണം നല്‍കി
Saturday, August 16, 2014 9:32 AM IST
ഫിലാഡല്‍ഫിയ: കേരള നിയമസഭയിലെ യുവ എംഎല്‍എയും ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ പ്രതിനിധിയുമായ പി.സി വിഷ്ണുനാഥിന് പമ്പയും ഫൊക്കാനയും ചേര്‍ന്ന് സ്വീകരണം നല്‍കി.

ഓഗസ്റ് 12ന് (ചൊവ്വ) പമ്പയുടെ ഓഫീസില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ പമ്പയുടെ പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. അലക്സ് തോമസ് യോഗനടപടികള്‍ ക്രമീകരിച്ച് എംഎല്‍എയെ സദസിനു പരിചയപ്പെടുത്തി.

ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, ഫൊക്കാന ട്രസ്റി ബോര്‍ഡ് അംഗം സുധാ കര്‍ത്ത, പ്രസ് ക്ളബ് നാഷണല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവല്‍, കോട്ടയം അസോസിയേഷന്‍ അംഗം ജീമോന്‍ ജോര്‍ജ്, ഫ്രന്റ്സ് ഓഫ് തിരുവല്ല അംഗം തോമസ് പോള്‍, ഫ്രന്റ്സ് ഓഫ് റാന്നി അംഗം സജി കരിംകുറ്റി, ഐഎന്‍ഒസി അംഗം സന്തോഷ് ഏബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള സംവാദത്തില്‍ കേരളത്തിലെ ഗതാഗത പ്രശ്നം, റോഡുകളുടെ ശോചനീയാവസ്ഥ, മാലിന്യ സംസ്കരണം, ഒസിഐ കാര്‍ഡ് സംബന്ധിച്ച അപക്വമായ തീരുമാനങ്ങള്‍, വിദേശ മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലായ്മ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.

മറുപടി പ്രസംഗത്തില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ കര്‍മ്മപരിപാടികളെപ്പറ്റി വിശദീകരിച്ചു.

അടുത്ത കാലത്ത് ഇറാക്കിലും ലിബിയയിലും കുടുങ്ങിയ നഴ്സുമാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ അദ്ദേഹം പ്രവാസികളെ ഓര്‍മിപ്പിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ ശ്രദ്ധാര്‍ഹമായ കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കാന്‍സര്‍ രോഗികള്‍ക്കും ഹൃദ്രോഗികളടക്കം സൌജന്യ വൈദ്യസഹായവും സര്‍ജറി വേണ്ടുന്ന രോഗികള്‍ക്ക് മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്നും ധനസഹായും നല്‍കുന്നുണ്െടന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.

ഫിലാഡല്‍ഫിയയില്‍ കുടിയേറിയ പത്തനംതിട്ടക്കാരായ പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ഓഫീസ് തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഫിലാഡല്‍ഫിയായിലെ പൌരാവലി നല്‍കിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയിലെ മലയാളി അസോസിയേഷന് പമ്പ എന്ന പേര് നല്‍കിയത് വളരെ ഉചിതമായെന്നും മലയാളികളുടെ ഗൃഹാതുരതയെ ഇത് വിളിച്ചറിയിക്കുന്നുവെന്നും പത്തനംതിട്ട ജില്ലയില്‍ കലകളെ പ്രോത്സാഹിപ്പിക്കാന്‍ പമ്പ എന്നൊരു സംഘടന ഉണ്െടന്നും പറഞ്ഞു. ട്രഷറര്‍ ഈപ്പന്‍ മാത്യു ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍