അറ്റ്ലാന്റാ ഹോളിഫാമിലി ദേവാലയത്തില്‍ ഇടവക തിരുനാള്‍ ആഘോഷിച്ചു
Monday, August 18, 2014 3:47 AM IST
അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ ആണ്ടു തിരുനാള്‍ ഓഗസ്റ് 8,9,10 തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയോടെ ആഘോഷിക്കുകയുണ്ടായി. എട്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഇടവക വികാരി ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍ തിരുനാളിന് കൊടിയേറ്റുകയും തുടര്‍ന്ന് ഫാ. ലല്ലു കൈതാരവുമായി ചേര്‍ന്ന് ആഘോഷമായ ദിവ്യബലിയും നൊവേനയും നടത്തുകയുണ്ടായി. പുതുതായി പണികഴിപ്പിച്ച കുരിശടിയുടെ വെഞ്ചരിപ്പും നടത്തപ്പെട്ടു.

തിരുനാളിന്റെ രണ്ടാം ദിവസമായ ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഫാ. ലല്ലു കൈതാരത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ റാസബലി അര്‍പ്പിക്കുകയുണ്ടായി. റാസയില്‍ ഇടവക വികാരി ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍, ഫാ. ജോസഫ് കല്ലിടാന്തിയില്‍, ഫാ. ജോസഫ് പൊറ്റമ്മേല്‍, ഫാ. മാത്യു ഇളയിടത്തുമഠം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടെയുള്ള പ്രദക്ഷിണവും നടത്തപ്പെട്ടു. കോളജ് വിദ്യാര്‍ത്ഥികളും, കെ.സി.വൈ.എല്‍ കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ തിരുനാളിന് കൊഴുപ്പേകി. തുടര്‍ന്ന് സ്നേഹവിരുന്നോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ സമാപിച്ചു.

മൂന്നാം ദിവസമായ പത്താംതായതി ഞായറാഴ്ച രാവിലെ പത്തിന് ഫാ. ലല്ലു കൈതാരത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഫാ. ഡൊമിനിക്കും ചേര്‍ന്ന് ആഘോഷമായ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് പ്രദക്ഷിണവും, തിരുനാളിന്റെ വാഴ്വും നടത്തപ്പെട്ടു. കഴുന്ന് എടുക്കാനുള്ള സൌകര്യവും ഭക്തജനങ്ങള്‍ക്ക് നല്‍കിയിരുന്നു. കൂടാര യോഗങ്ങളുടെ അടിസ്ഥാനത്തില്‍ കലാപരിപാടികളും വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

അറ്റ്ലാന്റയിലെ കൂടാരയോഗങ്ങളില്‍ ഒന്നായ ലോറന്‍സ് വില്‍ കൂടാരയോഗത്തില്‍പ്പെട്ട 16 കുടുംബങ്ങളാണ് ഈവര്‍ഷത്തെ തിരുനാളിന്റെ പ്രസുദേന്തിമാരായി പ്രവര്‍ത്തിച്ചത്. പാരീഷ് കൌണ്‍സിലിനൊപ്പം പ്രസുദേന്തിമാരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അറ്റ്ലാന്റാ ഹോളി ഫാമിലി ദേവാലയത്തിലെ തിരുനാള്‍ ഏവര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമായി മാറി. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം