മഞ്ച് ഓണാഘോഷം: മൈഥിലി മുഖ്യാതിഥി
Monday, August 18, 2014 6:26 AM IST
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി-മഞ്ചിന്റെ ഓണാഘോഷ പരിപാടിയില്‍ പ്രശസ്ത സിനിമാതാരം മൈഥിലി മുഖ്യാതിഥിയായി പങ്കെടുക്കും.

കുറഞ്ഞകാലം കൊണ്ട് മലയാളത്തില്‍ തന്റേതായ ഒരു ഇടം നേടിയെടുത്ത മൈഥിലി ആദ്യമായാണ് മഞ്ചിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തുന്നത്. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ ശരിയായ പേര്. 2009-ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തില്‍ മികച്ച വേഷത്തിലൂടെ കൈയടി നേടി. മാറ്റിനി എന്ന ചിത്രത്തിലെ വേഷമാണ് ഈ പത്തനംതിട്ടക്കാരിക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്.

ഓണാഘോഷങ്ങളോടനുബന്ധിച്ച് ഒരുക്കുന്ന പരിപാടികളുടെ ടിക്കറ്റ് കിക്കോഫ് ന്യൂയോര്‍ക്ക് ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍പാലസില്‍ നടന്നു. ചെങ്ങന്നൂര്‍ എംഎല്‍എ പി.സി വിഷ്ണുനാഥില്‍ നിന്നും നാമം പ്രസിഡന്റ് ബി. മാധവന്‍ നായര്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ പോള്‍ കറുകപള്ളില്‍, ട്രസ്റി ജോയി ഇട്ടന്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, കേരള കള്‍ച്ചറല്‍ ഫോറം പേട്രണ്‍ ടി.എസ് ചാക്കോ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ഉമ്മന്‍ കെ. ചാക്കോ, ട്രസ്റി അംഗങ്ങളായ ജയിംസ് ജോയി, ജോസ് ജോയി എന്നിവര്‍ പ്രസംഗിച്ചു.

നട്ലി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 20ന് (ശനി) രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ഓണാഘോഷ പരിപാടികള്‍. കേരളത്തില്‍ നിന്നുള്ള പുതുമുഖ സിനിമാതാരങ്ങള്‍ അണിനിരക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് പരിപാടികളും ആഘോഷത്തിന് മികവേകും. ഒപ്പം കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നുള്ളവരും പങ്കെടുക്കും. ശിങ്കാരി മേളം, വള്ളംകളി, തിരുവാതിരകളി എന്നിവയും ചടങ്ങിന് മാറ്റേകും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍