ഷാജന്‍ ആനിത്തോട്ടത്തിന്റെ പ്രഥമ കഥാസമാഹാരം 'ഹിച്ച്ഹൈക്കര്‍' എം.ടി പ്രകാശനം ചെയ്തു
Tuesday, August 19, 2014 3:44 AM IST
കോട്ടയം: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക (ലാന)യുടെ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടത്തിന്റെ തെരഞ്ഞെടുത്ത പത്ത് കഥകളുടെ സമാഹാരമായ 'ഹിച്ച്ഹൈക്കര്‍' ജ്ഞാനപീഠ ജേതാവും മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനുമായ എം.ടി വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു.

ലാനയുടെ ത്രിദിന കണ്‍വന്‍ഷന്റെ സമാപന ദിവസം മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശമായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന പൊതുസമ്മേളനത്തില്‍ വെച്ച് പ്രശസ്ത നോവലിസ്റ് സി. രാധാകൃഷ്ണന് ആദ്യപ്രതി നല്‍കിക്കൊണ്ടാണ് എം.ടി പ്രകാശന കര്‍മ്മംനിര്‍വഹിച്ചത്. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, മുന്‍ കേരളാ ചീഫ് സെക്രട്ടറിയും മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ. ജയകുമാര്‍ ഐ.എ.എസ്, സക്കറിയ, അക്ബര്‍ കക്കട്ടില്‍, അക്കാഡമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഹിച്ച്ഹൈക്കര്‍, അനുയാനം, പ്രമീളയുടെ വിലാപങ്ങള്‍ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പത്ത് ചെറുകഥകളാണ് കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോട്ടയം ആസ്ഥാനമായുള്ള ശ്രേഷ്ഠഭാഷാ പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ വിതരണം സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ബുക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റി നിര്‍വഹിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം