പെയര്‍ലാന്‍ഡ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ മഹാമഹം
Wednesday, August 20, 2014 3:09 AM IST
ഹൂസ്റന്‍: ഹൂസ്റനിലെ സെന്റ് ജോസഫ്സ് സീറോ മലബാര്‍ കത്തോലിക്കാ ഇടവകയെ വിഭജിച്ചാണ്
പെയര്‍ലാന്‍ഡില്‍ നവംബര്‍ 28, 2010ല്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍ സ്ഥാപിതമായത്. ഇപ്പോള്‍ താല്‍ക്കാലികമായി ഹൂസ്റനിലെ പാസഡീനയിലുള്ള സെന്റ് ഫ്രാന്‍സിസ് കബ്രീനി കത്തോലിക്കാ ദേവാലയത്തിലാണ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിനു വേണ്ടി തിരുകര്‍മ്മങ്ങള്‍ നടത്തി വരുന്നത്. ഹൂസ്റനിലെ സെന്റ് ജോസഫ്സ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറാന പള്ളി വികാരിയായ ഫാ. സഖറിയാസ് തോട്ടുവേലിയാണ് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദേവാലയത്തിന്റേയും വികാരിയയി പ്രവര്‍ത്തിക്കുന്നത്.

ഓഗസ്റ് 24-ാം തീയത് ഞായറാഴ്ച ഉച്ചകഴിച്ച് 1.30 മുതല്‍ ദേവാലയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്ത്യാഡംബരപൂര്‍വ്വം ആഘോഷിക്കും. പാസഡീനയിലുള്ള സെന്റ് ഫ്രാന്‍സിസ് കബ്രീനി കത്തോലിക്കാ ദേവാലയത്തിലാണ് തിരുനാള്‍. ദൈവമാതാവിന്റെ രൂപപ്രതിഷ്ഠ, ചെണ്ടമേളം, മുടി എഴുന്നള്ളിക്കല്‍, അടിമ വയ്ക്കല്‍, ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, ലദീഞ്ഞ്, ഭക്തി നിര്‍ഭരവും വര്‍ണ്ണപ്പകിട്ടാര്‍ന്നതുമായ പെരുന്നാള്‍ പ്രദക്ഷിണം, പൊതുയോഗം, സമ്മാനദാനം,ഗ്രാജുവേറ്റ്സിനെ ആദരിക്കല്‍, കലാപരിപാടികള്‍ തുടര്‍ന്ന് വിഭവ സമൃദ്ധമായ തിരുനാള്‍ സദ്യഎല്ലാം തിരുനാള്‍ ചടങ്ങളുടെയും ഭാഗമാണ്. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലിയും മറ്റ് പാരീസ് കൌണ്‍സില്‍ അംഗങ്ങളും ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്