കേരളാ റൈറ്റേഴ്സ് ഫോറം സമ്മേളനത്തില്‍ പുസ്തക പ്രകാശനവും ചെറുകഥാ അവതരണവും അപഗ്രഥനവും
Wednesday, August 20, 2014 3:10 AM IST
ഹൂസ്റന്‍: ഹൂസ്റന്‍ കേമ്പ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ഓഗസ്റ് 16-ാം തീയതി വൈകുന്നേരം ഹൂസ്റനിലെ സ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച്പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. ജോസഫ് പുന്നോലിയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തിലെ ആദ്യത്തെ ഇനം പ്രസിദ്ധ സാഹിത്യകാരനായ ജോണ്‍ മാത്യു എഴുതിയ ഏറ്റവും പുതിയ പുസ്തകം 'കുടിയേറ്റ ഭൂമിയിലെ സംവാദങ്ങള്‍' എന്ന ലേഖന പരമ്പരയുടെ പ്രകാശനമായിരുന്നു. ഫോമയുടെ മുന്‍ പ്രസിഡന്റും സുപ്രീം ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുമായ ശശിധരന്‍ നായര്‍ക്ക് പുസ്തകത്തിന്റെ കോപ്പി നല്‍കിക്കൊണ്ട്
പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ഹൂസ്റന്‍ കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ നിലവിലെ പ്രസിഡന്റായ ജോണ്‍ മാത്യു എഴുതിയ സാഹിത്യ സംവാദങ്ങളുടെ ഒരു ചെറിയ സംഗ്രഹമാണീ പുസ്തകം.

മാത്യു കുരവക്കല്‍ എഴുതിയ സ്വപ്നഭൂമി എന്ന ചെറുകഥ അദ്ദേഹം തന്നെ അവിടെ സന്നിഹിതരായ ആസ്വാദകര്‍ക്കും നിരൂപകര്‍ക്കുമായി വായിച്ചു. അമേരിക്കയെന്ന സമൃദ്ധമായ ഭൂമിയിലേക്ക് അനേക സ്വപ്നങ്ങളുമായി നിയമത്തെ വെട്ടിച്ച് കുറുക്കുവഴിയിലൂടെ എത്താനായി തത്രപ്പെടുന്ന ഗോട്ടിമാലാ തുടങ്ങിയ സൌത്ത് അമേരിക്കന്‍ കൌമാരക്കാരുടെ അതിസാഹസികമായ കരളലിയിക്കുന്ന യാത്രകളും അവരെ യാത്രയാക്കുന്ന മാതാപിതാക്കളുടേയും മനോവിചാരങ്ങളെ ചിത്രീകരിക്കുന്നതും സുവര്‍ണ്ണ സ്വപ്നങ്ങള്‍ ചില്ലുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതുമായ ഒരു കഥയാണിവിടെ കഥാകൃത്ത് ചിത്രീകരിച്ചത്. കഥയുടെ കാമ്പും കഴമ്പും അപഗ്രഥനം ചെയ്തുകൊണ്ട് ജോണ്‍ മാത്യു, സുഗുണന്‍ ഞെക്കാട്, മാത്യു നെല്ലിക്കുന്ന്, എ.സി. ജോര്‍ജ്, ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍, ഈശൊ ജേക്കബ്, ശശിധരന്‍ നായര്‍, സജി പുല്ലാട്, ജോസഫ് പുന്നോലി തുടങ്ങിയവര്‍ സംസാരിച്ചു.

കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ പതിവുപോലെയുള്ള ബിസിനസ് മീറ്റിംഗില്‍ വെച്ച് അടുത്തു വരുന്ന
ഫോറത്തിന്റെ രജതജൂബിലിയെപ്പറ്റി വിശദീകരണങ്ങള്‍ നല്‍കി. അക്ഷര കേരളത്തിന്റെ ആത്മാവിഷ്ക്കാര ഭാഷയായ മലയാളത്തിന്റെ മഹിമയും മധുരിമയും അമേരിക്കന്‍ മലയാളികള്‍ക്ക് മനംപോലെ നുകരുവാന്‍ വായന, ചിന്ത, ചര്‍ച്ച, എഴുത്ത്, നിരൂപണം, അവലോകനം, ക്രിയാത്മകത, പ്രസിദ്ധീകരണം എന്നീ സമസ്തമേഖലകളിലായി കാല്‍നൂറ്റാണ്േടാളം ഹൂസ്റനിലെ കേരളാ റൈറ്റേഴ്സ് ഫോറം ചെയ്തുവരുന്ന നിസ്തുല സേവനങ്ങളുടെ ഒരു ആഘോഷമാണ് ഈ രജതജൂബിലി വര്‍ഷം വിഭാവനം ചെയ്തിരിക്കുന്നതെന്ന് റൈറ്റേഴ്സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ആഗസ്റ് 30ന് വൈകുന്നേരം മൂന്നിന്് ഹൂസ്റനിലെ ഇന്ത്യാ കമ്യൂണിറ്റി സെന്ററിലെ പൊതുയോഗമാണ് മുഖ്യ ഇനം. പത്മഭൂഷണ്‍ ഡോക്ടര്‍ ഇ.സി.ജി. സുദര്‍ശന്‍ യോഗം ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ ഭിഷഗ്വരന്‍ എം.വി. പിള്ള, ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. എല്ലാ അക്ഷരസ്നേഹികളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്