ഫാ. തോമസ് മലയിലിനു സെന്റ് ജൂഡ് ഇടവകയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്
Wednesday, August 20, 2014 3:52 AM IST
ഫിലാഡല്‍ഫിയ: കഴിഞ്ഞ നാലു വര്‍ഷങ്ങളിലെ സ്തുത്യര്‍ഹമായ ആത്മീയ ശുശ്രൂഷകള്‍ക്കും, നിസ്തുലമായ സേവനങ്ങള്‍ക്കുശേഷം സെ. ജൂഡ് മലങ്കര കത്തോലിക്കാ ഇടവക വികാരി സ്ഥാനം ഒഴിയുന്ന റവ. ഫാ. തോമസ് മലയിലിനു ഇടവകജനങ്ങള്‍ സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി. ആഗസ്റ് 17 ഞായറാഴ്ച്ച അമേരിക്കയിലെ സീറോ മലങ്കര എക്സാര്‍ക്കേറ്റ് അധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൌസേബിയോസ് തിതുമേനിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം സ്ഥാനമൊഴിയുന്ന വികാരി ഫാ. തോമസ് മലയില്‍ മുഖ്യകാര്‍മ്മികനായി ദിവ്യബലിയര്‍പ്പിച്ചു. അഭിവന്ദ്യ യൌസേബിയോസ് മെത്രാപ്പോലീത്താ ദിവ്യബലിമധ്യേ തിരുവചനസന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ മാര്‍ യൌസേബിയോസ് അധ്യക്ഷത വഹിച്ചു. സെ. ജൂഡ് ഗായകസംഘത്തിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ തുടക്കം കുറിച്ച സമ്മേളനത്തിലേക്ക് ട്രഷറര്‍ മാത്യു തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു. മലങ്കര സഭക്കും, വിശേഷിച്ച് സെ.ജൂഡ് ഇടവകയുടെ വളര്‍ച്ചക്കും നിര്‍ണായകമായ പങ്കു വഹിച്ച മലയില്‍ അച്ചന്റെ അജപാലനദൌത്യം പ്രശംസനീയമാണെന്ന് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ തിരുമേനി സൂചിപ്പിച്ചു. ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജോസ് മാളേയ്ക്കല്‍ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ തോമസ് അച്ചന്‍ ചെയ്ത സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചു സംസാരിച്ചു. കുഞ്ഞുമോള്‍ സണ്ണിയുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ പാരീഷ് ഡയറക്ടറിയുടെ പ്രകാശനം തദവസരത്തില്‍ അഭിവന്ദ്യ തോമസ് മാര്‍ യൌസേബിയോസ് നടത്തി. പാരീഷ് ജനറല്‍ സെക്രട്ടറി ജോണ്‍ സാമുവേല്‍, വിവിധ ഭക്തസംഘടനകളെ പ്രതിനിധീകരിച്ച് ജോണ്‍ എടത്തില്‍, അലക്സ് ജോണ്‍, ഫിലിപ് എടത്തില്‍, അക്സ് ജോസഫ്, ജേക്കബ് ജോസഫ്, ശോശാമ്മ എബ്രാഹം, ജോളി ജേക്കബ്, ഷീനാ ജേക്കബ്, ടെസി ഫിലിപ് എന്നിവര്‍ അച്ചന് യാത്രാമംഗളങ്ങള്‍ ആശംസിച്ചു.

മദേഴ്സ് ഫോറം പ്രവര്‍ത്തകര്‍ മനോഹരമായ ഗാനാലാപത്തോടെ സ്ഥാനമൊഴിയുന്ന തോമസ് അച്ചനു സ്നേഹസമ്മാനം അര്‍പ്പിച്ചു. സണ്േടസ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഹൃദ്യമായിരുന്നു. തോമസ് അച്ചന്റെ സേവനങ്ങള്‍ക്കുള്ള ഇടവകയുടെ സ്നേഹോപഹാരം ജോ. സെക്രട്ടറി സാമുവേല്‍ ചാക്കോ അച്ചന് സമര്‍പ്പിച്ചു. പൌരോഹിത്യ ശുശ്രൂഷയിലും, ഇടവക ഭരണത്തിലും തന്നെ സഹായിച്ച എല്ലാവര്‍ക്കും തോമസ് അച്ചന്‍ നന്ദി പറഞ്ഞു. മലങ്കര കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ് (ബിജു) ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. നീനാ ചാക്കോ, സിന്ധു ജോണ്‍ എന്നിവര്‍ എം. സി. മാരായി. സ്നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍