ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഖമീസ് കെഎംസിസി
Friday, August 22, 2014 3:59 AM IST
റിയാദ്: ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എം.സി.സി. ഖമീസ് മുഷയ്ത്ത് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കുന്ന 'സ്നേഹസ്പര്‍ശം 2014 ' ചികിത്സാ സഹായപദ്ധതിയിലൂടെ ഈ വര്‍ഷം 25 ലക്ഷം രൂപയുടെ ചികിത്സാധനസഹായം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2010 ല്‍ ഖമീസ് മുഷയ്ത്ത് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ രൂപീകൃതമായതിന് ശേഷം നടപ്പിലാക്കുന്ന അഞ്ചാമത്തെ റിലീഫ് സംരംഭമാണ് സ്നേഹസ്പര്‍ശം 2014 . മഞ്ചേരി ജനറല്‍ ആശുപത്രിയിലേക്ക് 165 കിടക്കകള്‍ ഉള്‍പ്പടെ പതിനൊന്ന് ലക്ഷം രൂപയുടെ ആശുപത്രിസാമഗ്രികള്‍ നല്‍കി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ച റിലീഫ് സെല്‍, തൊട്ടടുത്ത വര്ഷം ഇരുനൂറോളം നിര്‍ദ്ധനരായ വനിതകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. രോഗദുരിതമനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായമെത്തിക്കുന്നതിനായി വിഭാവനം ചെയ്ത സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മുന്നൂറോളം ആളുകള്‍ക്ക് ചികിത്സാസഹായം വിതരണം ചെയ്തിരുന്നു.

ഇരുപത്തിരണ്ട് ലക്ഷം രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഈ വര്‍ഷത്തെ റമദാന്‍ റിലീഫ് കാംപെയിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചതത്. കെ.എം.സി.സി. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹൃദയരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ക്ക് റിലീഫ് കമ്മിറ്റി നന്ദി അറിയിച്ചു. .

നിരാലംബരായ കിഡ്നി, കാന്‍സര്‍ രോഗികള്‍, തുടര്‍ ചികിത്സ ആവശ്യമുള്ള മറ്റു മാരകരോഗങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവരെയാണ് പതിനായിരം രൂപയുടെ സഹായധനത്തിനായി പരിഗണിക്കുക.. സെപ്തംബര്‍ 15 വരെ ലഭ്യമാകുന്ന അപേക്ഷകളില്‍ നിന്നും പ്രവാസികുടുംബങ്ങള്‍ക്കും മലയോര, തീരദേശ മേഖലകളിലെ നിര്‍ദ്ധര്‍നക്കും മുന്‍ഗണന നല്‍കി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട്, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി സാക്ഷ്യപ്പെടുത്തിയ ജനപ്രതിനിധിയുടെയോ സാമൂഹ്യ പ്രമുഖരുടെയോ കത്ത് എന്നിവയോടോപ്പമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകളില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ കണ്െടത്തി ഒക്ടോബര്‍ അവസാന വാരത്തോടെ ധനസഹായം വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സമ്മേളനത്തില്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ മൂന്നിയൂര്‍, ട്രഷറര്‍ മുഹമ്മദ് കുട്ടി മാതാപ്പുഴ, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി.കെ.ജാഫര്‍ ഫറോക്ക്, ജനറല്‍ സെക്രട്ടരി മഹബൂബ് പത്തപ്പിരിയം എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍