ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2014; സെപ്റ്റംബര്‍ നാലു മുതല്‍
Monday, August 25, 2014 8:23 AM IST
ടൊറന്റോ: സെപ്റ്റംബര്‍ നാലു മുതല്‍ മുതല്‍ നടക്കുന്ന മുപ്പത്തിയൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ടൊറോന്റോ നഗരം അണിഞ്ഞൊരുങ്ങി. 28 പ്രദര്‍ശനവേദികളിലായി 70 രാജ്യങ്ങളില്‍നിന്നുള്ള 393 ചിത്രങ്ങളാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത്.

പുതുമുഖങ്ങളായ ഒട്ടേറെ രാജ്യങ്ങള്‍ തങ്ങളുടെ ചിത്രങ്ങളുമായി ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ കുറയുകയാണിവിടെ. സൌദി അറേബ്യ, ഖത്തര്‍, യുഎഇ, പാലസ്തീന്‍, ഇസ്രായേല്‍, ലാറ്റിന്‍ അമേരിക്ക, കഴിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്കാളിത്തം അത്ഭുതപൂര്‍വമായി ഉയരുമ്പോള്‍ മലയാളം ഉള്‍പ്പെടുന്ന ഭാരതീയ ഭാഷാ ചിത്രങ്ങള്‍ ഇത്തവണ മേളയില്‍ ഇല്ല. 4557 ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നത്. അതില്‍നിന്ന് 393 ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ ചിത്രങ്ങളായ മാര്‍ഗരീറ്റ വിത്ത് എ സ്ട്രോ, കാക്കമുട്ട, മേരികോം, ന്യൂബോണ്‍സ്, ടൈഗേഴ്സ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

റീസ് വിതര്‍സ്പൂണ്‍, റോബര്‍ട്ട് ഡ്യൂവല്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍, റിച്ചാര്‍ഡ് ഗിയര്‍, ജൂലിയറ്റ് ബിനോഷെ, ജോന്‍ സ്റ്യൂവര്‍ട്ട്, ഡോണ്‍ സാവെജ് ജുലി ടെയ്മര്‍ തുടങ്ങിയവരുമായുള്ള സംഭാഷണവേദികള്‍ ഇക്കുറി മേളയുടെ പ്രത്യേകതയാണ്.

മൈക്കെല്‍ മൂര്‍, ക്രിസ്റോഫ് സനൂസി, പ്രിയങ്ക ചോപ്ര, മോര്‍ഗന്‍ ഫ്രീമന്‍, ജോണ്‍ ട്രവോള്‍ട്ട, ബില്‍ മുറെ, കെയ്റ്റ് വിന്‍സ്റെറ്റ്, ജെയിന്‍ ഫോണ്ട എന്നിവരോടൊപ്പം നൂറുകണക്കിന് ചലച്ചിത്ര പ്രമുഖര്‍ പല വേദികളിലായി എത്തുന്നുണ്ട്.

മേളയുടെ വിജയത്തിനായി 2500 ലധികം വോളന്റിയര്‍മാര്‍ തയാറാക്കഴിഞ്ഞു. മേള കഴിഞ്ഞാലും ടിഫിന്റെ നാലു തിയേറ്ററുകളിലായി അടുത്ത ഒരു വര്‍ഷത്തേക്ക് പ്രധാന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.

റിപ്പോര്‍ട്ട്: സുരേഷ് നെല്ലിക്കോട്