നിയുക്ത ബിഷപ്പ് ജോയി ആലപ്പാട്ടിന് ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ സ്വീകരണം നല്‍കി
Wednesday, August 27, 2014 2:57 AM IST
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ നിയുക്ത ബിഷപ്പുമായ ജോയി ആലപ്പാട്ട് പിതാവിന് എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ഷിക്കാഗോ ഊഷ്മള സ്വീകരണം നല്‍കി.

സീറോ മലബാര്‍ സഭാ കത്തീഡ്രല്‍ അങ്കണത്തില്‍ വെച്ച് നടത്തപ്പെട്ട ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ സംയുക്ത സമ്മേളനത്തിന് എത്തിച്ചേര്‍ന്ന നിയുക്ത ബിഷപ് ജോയി ആലപ്പാട്ട് പിതാവിനെ കൌണ്‍സില്‍ സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ യോഗത്തില്‍ കൌണ്‍സില്‍ വൈസ് പ്രസിഡന്റ് റവ. ബിനോയി പി. ജേക്കബ് അധ്യക്ഷതതവഹിച്ചു.

ജോയി ആലപ്പാട്ട് പിതാവിന്റെ സ്ഥാനാരോഹണം ഷിക്കാഗോ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് എക്യൂമെനിക്കല്‍ കൌണ്‍സിലിനും സന്തോഷവും അഭിമാനവുമാണെന്ന് കോര്‍എപ്പിസ്കോപ്പ സ്കറിയാ തേലാപ്പള്ളി അച്ചന്‍ ചൂണ്ടിക്കാട്ടി. നോര്‍ത്ത് അമേരിക്കയില്‍ സീറോ മലബാര്‍ സഭ രൂപംകൊണ്ടപ്പോള്‍ ആദ്യ ബിഷപ്പായി നിയുക്തനായ മാര്‍ അങ്ങാടിയത്ത് പിതാവ് അന്ന് ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ വൈസ് പ്രസിഡന്റായിരുന്നുവെന്നും ഒരു ചരിത്ര നിയോഗം പോലെ വീണ്ടും കേരളാ എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റായ ആലപ്പാട്ട് പിതാവിന്റെ നിയോഗം ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന് തികച്ചും അംഗീകാരവും അഭിമാനവുമാണെന്ന് റവ.ഡോ. മാത്യു പി. ഇടിക്കുള അച്ചന്‍ ഓര്‍മ്മിപ്പിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ച് സംസാരിച്ച റവ. സോനു വര്‍ഗീസ്, റവ.ഫാ. തോമസ് മേപ്പുറത്ത്, റവ.ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, റവ.ഫാ. മാത്യു ജോര്‍ജ്, റവ.ഡോ. ലോറന്‍സ് ജോണ്‍സണ്‍, ജോര്‍ജ് പണിക്കര്‍, സാം തോമസ്, മാത്യു കരോട്ട്, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്, മാത്യു മാപ്ളേട്ട്, കോശി ഏബ്രഹാം, ജോണ്‍ ഇലക്കാട്ട് എന്നിവര്‍ ചൂണ്ടിക്കാട്ടി.

മറുപടി പ്രസംഗത്തില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിനോടുള്ള സ്നേഹവും സഹകരണവും എക്കാലവും ഉണ്ടാകുമെന്നും, കൌണ്‍സിലിന്റെ സ്നേഹസൌഹാര്‍ദ്ദങ്ങള്‍ക്കുള്ള പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. സര്‍വ്വശക്തനാല്‍ നിയോഗിക്കപ്പെട്ട പ്രതിസന്ധികള്‍ നിറഞ്ഞ തന്റെ കര്‍ത്തവ്യം നീതിയോടും സത്യത്തോടും നിര്‍വഹിക്കുവാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും ആലപ്പാട്ട് പിതാവ് അഭ്യര്‍ത്ഥിച്ചു.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്നുവരുന്ന ഭവനദാന പദ്ധതിയുടെ ഈവര്‍ഷത്തെ നിര്‍മ്മാണോദ്ഘാടനവും നിയുക്ത ബിഷപ്പ് ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. ഈ പ്രത്യേക സമ്മേളനത്തിനു വന്നു ചേര്‍ന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച് ഏഷ്യാനെറ്റ് ടിവിയോടും, ജോയിച്ചന്‍ പുതുക്കുളത്തിനോടുമുള്ള പ്രത്യേക നന്ദിയും സ്നേഹവും ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ അറിയിച്ചു. പ്രാര്‍ത്ഥനയോടുകൂടി സമാപിച്ച യോഗത്തിനുശേഷം വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം